Quantcast

'ഐ ലൗ മുഹമ്മദ് ക്യാമ്പയിൻ': യുപിയിൽ മുൻ പൊലീസുകാരനായ എസ്പി പ്രവർത്തകൻ അറസ്റ്റിൽ

ഞായറാഴ്ചയാണ് സുബൈറിനെ കാൺപൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    2025-09-29 05:01:25.0

Published:

29 Sept 2025 10:25 AM IST

Kanpur police arrest ex-cop in I love Muhammad row
X

Photo| Special Arrangement

ലഖ്നൗ: യുപിയിൽ 'ഐ ലൗ മുഹമ്മദ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ. കാൺപൂരിലെ സമാജ്‌വാദി പാർട്ടി പ്രവർത്തകനായ സുബൈർ അഹമ്മദ് ഖാനാണ് അറസ്റ്റിലായത്. സംഘർഷത്തിന് കാരണമാകുംവിധം പ്രകോപനപരമായ ഓഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി.

കോൺ​സ്റ്റബിളായിരിക്കെ സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട സുബൈർ പിന്നീട് സമാജ്‌വാദി പാർട്ടിയിൽ ചേരുകയായിരുന്നു. ഞായറാഴ്ചയാണ് സുബൈറിനെ കാൺപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷം സുബൈർ വിശ്വാസികളെ ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചെന്നും സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതായും പൊലീസ് ആരോപിക്കുന്നു.

ബറേലിയിലെ സംഘർഷത്തിൽ പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനുമായ തൗഖീർ റാസയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ബറേലി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയ്ക്കൊടുവിലാണ് തൗഖീർ റാസയെ അറസ്റ്റ് ചെയ്തത്. 150- 200 മുസ്‌ലിംകളെ പ്രതിചേർത്താണ് എഫ്‌ഐആർ തയാറാക്കിയത്.

സെപ്തംബർ നാലിന് സയ്യിദ് നഗറിൽ നബിദിനത്തിന്റെ ഭാഗമായി ഒരു ഫ്ലക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് അഭിഭാഷകനായ മുഹമ്മദ് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. 'ഐ ലൗ മുഹമ്മദ്' എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പുതിയ രീതിയാണെന്നും ഇവിടെ അനുവദിക്കില്ലെന്നും പറഞ്ഞ് മോഹിത് ബാജ്പയി എന്നയാളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തുടർന്ന്, സെപ്തംബർ 16ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥാപിച്ച 'ഐ ലൗ മുഹമ്മദ്' ബോർഡ് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നശിപ്പിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി പരസ്യമായാണ് ബോർഡ് നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം 12 മുസ്‌ലിം യുവാക്കൾക്കും തിരിച്ചറിയാനാവാത്ത 14-15 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് യുപിയിൽ ഐ ലൗ മുഹമ്മദ് ക്യാമ്പയിൻ ശക്തമായത്. എന്നാൽ ഇതിനെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് യുപി ഭരണകൂടം.

TAGS :

Next Story