ഹെയര്‍ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലച്ചോറിൽ അണുബാധ; കാൺപൂര്‍ ടെക്കി മരിച്ചു, ഡോക്ടര്‍ക്കെതിരെ കേസ്
കാൺപൂരിലെ എംപയർ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്

കാൺപൂര്‍: കാൺപൂരിൽ തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവ് മരിച്ചു. തലച്ചോറിൽ അണുബാധയെ തുടര്‍ന്നാണ് ടെക്ക് ജീവനക്കാരനായ വിനീത് ദുബൈ മരിച്ചത്. കാൺപൂരിൽ ഈയിടെ സമാനമായ ശസ്ത്രക്രിയക്ക് ശേഷം ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേർ രോഗബാധിതരാകുകയും ചെയ്തിരുന്നു.
കാൺപൂരിലെ എംപയർ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനുഷ്ക തിവാരിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ദുബൈയുടെ കുടുംബം ആരോപിച്ചു. വിനീതിന് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയതായി കുടുംബം ചൂണ്ടിക്കാട്ടി. മേയ് 14നാണ് വിനീതിനെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേദിവസം മരിക്കുകയും ചെയ്തു. വിനിതീന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്ന കാര്യം ക്ലിനിക് അവഗണിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ച സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം തലച്ചോറിൽ വീക്കവും അണുബാധയും അനുഭവപ്പെട്ടതായും തുടർന്ന് മരണം സംഭവിച്ചതായും വിനീതിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അനുഷ്കയെയും കുടുംബാംഗങ്ങളെയും കമ്മിറ്റി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അനുഷ്ക ഇതിനോടകം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതുവരെ, ഈ കേസിൽ നിരവധി പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ തിവാരി ആവശ്യമായ പരിശോധനകളൊന്നും നടത്തിയില്ലെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് ശേഷം തലയിലുണ്ടായ ബാക്ടീരിയ അണുബാധയെത്തുടർന്ന് വിനീതിന് എൻസെഫലോപ്പതി പിടിപെട്ടതായി പറയപ്പെടുന്നു. കൂടാതെ വിനീതിന് നൽകിയ സ്ലിപ്പിലും വ്യത്യാസമുണ്ടായിരുന്നു. സ്ലിപ്പിൽ വരാഹി ഹെയർ ആൻഡ് എസ്തെറ്റിക് സെന്‍ററിന്‍റെ പേരാണ് ഉണ്ടായിരുന്നതെങ്കിലും ഹെയര്‍ ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത് എംപയര്‍ ക്ലിനിക്കിലാണ്. സ്ലിപ്പിൽ സൂചിപ്പിച്ച വിലാസവും വ്യത്യസ്തമായിരുന്നു. കേശവ്പുരം, കല്യാൺപൂർ എന്നായിരുന്നു സ്ലിപ്പിലുണ്ടായിരുന്നത്.
ഡോക്ടറുടെ പേര് പരാമർശിച്ച സ്ലിപ്പിൽ പത്ത് മരുന്നുകൾ എഴുതിയിരുന്നു. സ്ലിപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ട്രാൻസ്പ്ലാന്‍റ് നടന്ന ക്ലിനിക് ഡോ. അനുഷ്കയുടെ ഭർത്താവ് ഡോ. സൗരഭിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിയമങ്ങൾ പാലിക്കാത്തതിനാൽ ക്ലിനിക്കിന്‍റെ ലൈസൻസ് പുതുക്കൽ റദ്ദാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് രണ്ട് മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16

