Quantcast

കരൗളി വർഗീയ ലഹള: ബി.ജെ.പി നേതാവിന്റെ ഭർത്താവ് അറസ്റ്റിൽ

ജെയ്പൂർ മേയർ സോമ്യ ഗുർജാറിന്റെ ഭർത്താവ് രാജാറാം ഗുർജാർ ആണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-04-08 11:19:53.0

Published:

8 April 2022 11:14 AM GMT

കരൗളി വർഗീയ ലഹള: ബി.ജെ.പി നേതാവിന്റെ ഭർത്താവ് അറസ്റ്റിൽ
X

ജെയ്പൂർ: രാജസ്ഥാനിലെ കരൗളിയിലുണ്ടായ വർഗീയ ലഹളയിൽ ബി.ജെ.പി നേതാവിന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ ജെയ്പൂർ മേയർ സോമ്യ ഗുർജാറിന്റെ ഭർത്താവ് രാജാറാം ഗുർജാർ ആണ് പിടിയിലായത്. അക്രമം നടന്ന സ്ഥലത്തുനിന്ന് രാജാറാമിന്‍റെ ബൈക്ക് കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഹിന്ദു പുതുവത്സര ആഘോഷത്തിനിടെയുണ്ടായ കല്ലേറ് ആസൂത്രിതമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഏപ്രിൽ രണ്ടു മുതൽ നാലുവരെ സംസ്ഥാനത്തുടനീളം ആക്രമണമുണ്ടാകുമെന്ന് നേരത്തെ പോപുലർ ഫ്രണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഒരുതരത്തിലുള്ള മുന്നൊരുക്കവും നടത്തിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവും ബി.ജെ.പി നേതാവുമായ രാജേന്ദ്ര റാത്തോഡ് ആരോപിച്ചു.

പുതുവത്സരാഘോഷവും കല്ലേറും വർഗീയലഹളയും

രാജസ്ഥാനിലെ കരൗളിയിൽ വർഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്ലിം വീടുകൾ അഗ്‌നിക്കിരയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രദേശത്ത് പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചായിരുന്നു 40ഓളം വീടുകൾ അക്രമികൾ അഗ്‌നിക്കിരയാക്കിയതെന്ന് മുസ്ലിം മിറർ റിപ്പോർട്ട് ചെയ്തു. വ്യാപകമായ അക്രമസംഭവങ്ങളിൽ 46 പേരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോൾ റാലിയിൽനിന്ന് വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ലൗഡ്സ്പീക്കറിൽ മുസ്ലിം വിരുദ്ധ ഗാനങ്ങൾ കേൾപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെയാണ് റാലിക്കുനേരെ കല്ലേറുണ്ടായത്.

കല്ലേറിനു പിന്നാലെ പരിസരത്തെ കടകളും വാഹനങ്ങളും വ്യാപകമായി അഗ്‌നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വീടുകൾക്കുനേരെയും ആക്രമണം നീണ്ടു. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് ഇവിടെ നടന്നത്.

വർഗീയ ലഹളയെത്തുടർന്ന് പൊലീസ് പ്രദേശത്ത് മൂന്നുദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അടക്കം ഉയർന്ന റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു.

Summary: Rajasthan Police books BJP leader and Jaipur mayor Somya Gurjar's husband Rajaram Gurjar for his alleged involvement in Karauli violence

TAGS :

Next Story