കർക്കടകവാവ് ഇന്ന്; പിതൃസ്മരണയിൽ ബലിതർപ്പണം
വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബലിതർപ്പണം നടക്കുകയാണ്

തിരുവനന്തപുരം: പിതൃസ്മരണയില്‍ ഇന്ന് ബലിതര്‍പ്പണം. ബലിതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിയേകാന്‍ സംസ്ഥാനത്തുടനീളമുള്ള സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്നാന ഘട്ടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ബലിതർപ്പണം നടക്കുകയാണ്. തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. തിരുവല്ലത്ത് സന്ധ്യ വരെ എത്തുന്ന എല്ലാവർക്കും ബലിയിടാൻ സൗകര്യമുണ്ടാകും.
വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തര മുതൽ ബലിതർപ്പണം തുടങ്ങി. വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധി ആളുകൾ ബലിതർപ്പണത്തിന് എത്തും.
ആലുവ മണപ്പുറത്ത് അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയത്. ഞായർ അർധരാത്രി മുതൽ ബലിതർപ്പണത്തിന് ആളുകൾ എത്തി. തിങ്കൾ പുലര്‍ച്ചെ നാലു മുതല്‍ ആരംഭിച്ച ബലിതര്‍പ്പണം ഉച്ച വരെ നീളും. സുരക്ഷയ്‌ക്കായി മണപ്പുറത്ത് പൊലീസ് താൽക്കാലിക കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സി മണപ്പുറത്തേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
Adjust Story Font
16

