ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 48കാരന് ദാരുണാന്ത്യം
രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന സഞ്ജീവ് കുമാറിനെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായമഭ്യർഥിച്ചിട്ട് പോലും ആരും മുന്നോട്ടുവന്നില്ല.

- Updated:
2026-01-15 03:46:16.0

ബംഗളൂരു: ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 48കാരൻ മരിച്ചു. കർണാടക ബിദർ തലമഡ്ഗി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ പോവുന്നതിനിടെയായിരുന്നു അപകടം.
ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജീവിന്റെ കഴുത്ത് ആഴത്തിൽ മുറിയുകയും ചെയ്തിരുന്നു. കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന സഞ്ജീവ് കുമാറിനെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായമഭ്യർഥിച്ചിട്ട് പോലും ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇയാൾ മരിച്ചിരുന്നു. 'ദേശീയപാതയിൽ രാവിലെ 11നാണ് അപകടമുണ്ടായത്. സഞ്ജീവ് കുമാർ എന്ന 48കാരൻ ബൈക്കിൽ പോകവെ മഞ്ച എന്ന പേരിലറിയപ്പെടുന്ന പട്ടച്ചരട് കഴുത്തറുക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു'- ബിദർ പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ഡി പറഞ്ഞു.
സംഭവത്തിൽ മന്നെഖല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സഞ്ജീവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മന്നെഖല്ലി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് ബിദറിൽ മഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ലംഘിക്കപ്പെടുകയായിരുന്നു.
ഇതാദ്യമായല്ല, ഇത്തരത്തിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് മരണമുണ്ടാകുന്നത്. 2024 ജനുവരിയിൽ ഹൈദരാബാദിൽ ഒരു സൈനികനും 2023 ഡിംസബറിൽ മുംബൈയിൽ ഒരു പൊലീസുകാരനും സമാനരീതിയിൽ ജീവൻ നഷ്ടമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പട്ടച്ചരട് കഴുത്തിൽ ചുറ്റി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ. കോടേശ്വർ റെഡ്ഡിയാണ് മരിച്ചത്. ജനുവരി 14നായിരുന്നു അപകടം. താമസിക്കുന്ന ലംഗാർ ഹൗസ് പ്രദേശത്തേക്ക് ബൈക്കിൽ പോവുന്നതിനിടെയായിരുന്നു അപകടം.
മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാകോല പാലത്തിൽ 2023 ഡിസംബർ ഡിസംബർ 24നായിരുന്നു പൊലീസുകാരന്റെ മരണത്തിനിടയാക്കിയ അപകടം. ഗോരേഗാവിലെ ദിൻദോഷി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ 37കാരനായ സമീർ സുരേഷ് ജാദവാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് റോഡിൽ വീണ സമീർ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേർവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈകിട്ട് ആറോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചില്ലു പൊതിഞ്ഞു നിർമിക്കുന്ന നൈലോൺ നൂലുകളാണ് ചൈനീസ് മഞ്ച. ഗ്ലാസ് പൊടി പൂശിയ, കട്ടിയുള്ള നൈലോൺ അല്ലെങ്കിൽ മോണോഫിലമെന്റ് നൂലാണ് പട്ടച്ചരടായി ഉപയോഗിക്കുന്നത്. പട്ടം പറത്തൽ മത്സരങ്ങളിൽ മറ്റ് പട്ടങ്ങളുടെ ചരടുകൾ മുറിക്കാൻ ഈ ഈ മിശ്രിതം സഹായിക്കുന്നു. മഞ്ച നൂൽ മനുഷ്യർക്കും പക്ഷികൾക്കും വലിയ അപകടമുണ്ടാക്കുന്നതിനാൽ പലയിടത്തും നിരോധനമുണ്ടെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതവും മനുഷ്യർക്കും പക്ഷികൾക്കും ഭീഷണിയും ആയതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2017 ജനുവരി 10ന് ചൈനീസ് മഞ്ച നിരോധിച്ചിരുന്നു.
Adjust Story Font
16


