Quantcast

തര്‍ക്കത്തിനിടെ സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കര്‍ണാടക ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

ബണ്ട്വാൾ താലൂക്കിലെ ഇഡ്കിടു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പത്മനാഭ സപാല്യയെയാണ് പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    13 May 2025 1:30 PM IST

Padmanabha Sapalya
X

ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡയിൽ സ്ത്രീയുമായുള്ള തര്‍ക്കത്തിനിടെ നഗ്നതാപ്രദര്‍ശനം നടത്തിയ പഞ്ചായത്ത് നേതാവിനെ ബിജെപി പുറത്താക്കി. ബണ്ട്വാൾ താലൂക്കിലെ ഇഡ്കിടു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പത്മനാഭ സപാല്യയെയാണ് പുറത്താക്കിയത്.

റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണമായതെന്ന് പൊലീസും പ്രാദേശിക വൃത്തങ്ങളും പറയുന്നു. പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ഗേറ്റ് സ്ത്രീയുടെ വീട്ടിലേക്കുള്ള വഴി തടയുന്നതായിരുന്നു. തര്‍ക്കം ഫോണിൽ പകര്‍ത്തുന്നതിനിടെ പത്മനാഭ തന്‍റെ ഷോര്‍ട്സ് ഊരിമാറ്റി സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് വിറ്റൽ പൊലീസിന് പരാതിയിൽ പറയുന്നു.ഗേറ്റ് ശരിയാക്കുമ്പോൾ, അടുത്തുള്ള തന്‍റെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ മൊഴിയിൽ പറയുന്നു. സംഭവം വിവാദമായതോടെ പത്മനാഭയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബിജെപി പുത്തൂർ റൂറൽ മണ്ഡലം പ്രസിഡൻ്റ് ദയാനന്ദ ഷെട്ടി ഉജ്രെമാരു അറിയിച്ചു. പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കാൻ പാർട്ടി നിർദ്ദേശിച്ചതായി ഷെട്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറിൽ ബെലഗാവിയിൽ നടന്ന കർണാടക സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ വനിതാ-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് ബിജെപി നിയമസഭാംഗം സി. ടി രവി അറസ്റ്റിലായിരുന്നു. എന്നാൽ ബിജെപിയും രവിയും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. സംഭവം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധങ്ങൾക്കും അക്രമാസക്തമായ രംഗങ്ങൾക്കും കാരണമായിരുന്നു.

TAGS :

Next Story