Quantcast

കോണ്‍ഗ്രസിന് ജീവശ്വാസം; നിര്‍ണായക ഘട്ടങ്ങളില്‍ ഗാന്ധി കുടുംബത്തെ ചേര്‍ത്തുപിടിച്ച് കര്‍ണാടക

ഭാരത് ജോഡോ യാത്രയിൽ 24 ദിവസം കൊണ്ട് കർണാടകയിൽ 500 കിലോമീറ്റർ ആണ് രാഹുൽ ഗാന്ധി നടന്നു തീർത്തത്

MediaOne Logo

Web Desk

  • Published:

    14 May 2023 1:28 AM GMT

karnataka gives confidence to congress for loksabha election
X

ഡല്‍ഹി: തുടര്‍തോല്‍വികളില്‍ വലഞ്ഞ കോണ്‍ഗ്രസിന് കര്‍ണാടകയിലെ വിജയം നല്‍കുന്നത് ജീവശ്വാസം. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവിനും കൂടിയാണ് ഈ വിജയം തുണയാകുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇനി കോണ്‍ഗ്രസിന് കഴിയും.

ഭാരത് ജോഡോ യാത്രയിൽ 24 ദിവസം കൊണ്ട് കർണാടകയിൽ 500 കിലോമീറ്റർ ആണ് രാഹുൽ ഗാന്ധി നടന്നു തീർത്തത്. ആവേശോജ്വലമായ സ്വീകരണം തന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പിനു സജ്ജമാണെന്ന പ്രഖ്യാപനമായിരുന്നു. വിജയിച്ച ഹിമാചൽ മോഡൽ മുൻനിർത്തിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കര്‍ണാടയിൽ പ്രചാരണം തുടങ്ങിയത്. അധികാരത്തിൽ എത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ അഞ്ചു പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.

വിലക്കയറ്റം പിടിച്ചു നിർത്താൻ ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, 10 ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന യുവനിധി പദ്ധതി, തൊഴിൽ ലഭിക്കുന്നത് വരെ 3000 രൂപ തൊഴിലില്ലായ്മ വേതനം, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന അന്നദാന പദ്ധതി- ഇതായിരുന്നു ഹൈലൈറ്റ്. ബസിലും മെട്രോയിലും ഭക്ഷണ വിതരണക്കാരായ ഡെലിവറി ബോയ്സിനൊപ്പം സഞ്ചരിച്ച രാഹുൽ ഗാന്ധി, വിദ്വേഷ പ്രസംഗങ്ങളെ സ്നേഹത്തിന്റെ ഭാഷ കൊണ്ട് മറികടന്നു.

കോലാറിലെ പ്രസംഗം ലോക്സഭാംഗത്വം നഷ്ടമാകാൻ കാരണമായതോടെ കോലാറിലെ രണ്ടാം പ്രസംഗത്തിൽ പദവി ഇല്ലെങ്കിലും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നു രാഹുല്‍ വ്യക്തമാക്കി. നിർണായക ഘട്ടത്തിൽ നെഹ്‌റു കുടുംബത്തെ ചേർത്തു പിടിക്കുന്ന സംസ്ഥാനമാണ് കർണാടക. ചിക്കമംഗളൂർ വിജയത്തിലൂടെ ഇന്ദിരാഗാന്ധിക്കും ബെല്ലാരി വിജയത്തിൽ സോണിയ ഗാന്ധിക്കും കുതിപ്പ് സമ്മാനിച്ച കർണാടക, രാഹുൽ ഗാന്ധിക്ക് കൂടി ചിറകു നൽകി. മോദി പ്രഭാവം മങ്ങിയെന്നും രാഹുൽ എഫെക്റ്റ് രാജ്യത്ത് തെളിഞ്ഞു തുടങ്ങിയെന്നും ബോധ്യപ്പെടുത്തുന്നതാണു കർണാടക ഫലം.

TAGS :

Next Story