Quantcast

ബെം​ഗളുരു ഈദ്​ഗാഹ് മൈതാനത്തിൽ ​ഗണേശോത്സവം നടത്താൻ കർണാടക സർക്കാർ

തങ്ങളുടെ മതപരിപാടികൾ ഈദ്​ഗാഹ് മൈതാനത്തിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Aug 2022 8:31 AM GMT

ബെം​ഗളുരു ഈദ്​ഗാഹ് മൈതാനത്തിൽ ​ഗണേശോത്സവം നടത്താൻ കർണാടക സർക്കാർ
X

ബെ​ഗളുരു: കർണാടക തലസ്ഥാനമായ ബെം​ഗളുരുവിലെ ഈ​ദ്​ഗാഹ് മൈതാനത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടത്താനൊരുങ്ങി സംസ്ഥാന ബിജെപി സർക്കാർ. മൈതാനത്തിൽ എല്ലാ മത-സാംസ്കാരിക പരിപാടികളും നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി.

വഖഫ് ബോർഡും ന​ഗര ഭരണകൂടമായ ബൃഹത് ബെം​ഗളുരു മഹാന​ഗര പാലികെ (ബി.ബി.എം.പി)യും തമ്മിൽ തർ‍ക്കത്തിലായിരുന്ന ചാമരാജ്പേട്ടയിലെ ഭൂമി ഈ മാസം ആദ്യം റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു. തുടർന്നാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. ആ​ഗസ്റ്റ് 31ന് നടക്കുന്ന വിനായക ചതുർഥി (​ഗണേശോത്സവം) ആഘോഷം ഉൾപ്പെടെയുള്ള തങ്ങളുടെ മതപരിപാടികൾ ഈദ്​ഗാഹ് മൈതാനത്തിൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

ഇതോടെയാണ് വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി, എല്ലാവിധ മത-സാസ്കാരിക പരിപാടികളും ഈദ്​ഗാഹ് മൈതാനത്തിൽ നടത്താൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാമെന്ന് വെള്ളിയാഴ്ച ഉത്തരവിട്ടത്. ആ​ഗസ്റ്റ് 31മുതൽ ആയിരിക്കണം ഇതന്നും കോടതി നിർദേശിച്ചു. ഇതുപ്രകാരമാണ് അന്നേദിവസം നടക്കാനിരിക്കുന്ന ​ഗണേശോത്സവത്തിന് ഈദ്​ഗാഹ് മൈതാനത്തിൽ അനുമതി നൽകാൻ ബസവരാജ് ബൊമ്മൈ സർക്കാർ ഒരുങ്ങുന്നത്.

"നമ്മുടേത് ബഹുമത രാജ്യമാണെന്ന് വിലയിരുത്തി ചാമരാജ് പേട്ടയിലെ ഈദ്​ഗാഹ് മൈതാനം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാ​ഗമായി അഡ്വക്കേറ്റ് ജനറൽ, റവന്യൂ മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ ഉചിതമായ തീരുമാനമെടുക്കും"- ബൊമ്മൈ പി.ടി.ഐയോട് പ്രതികരിച്ചു.

സമാധാനം നിലനിർത്തിക്കൊണ്ട് എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റേണ്ടതുണ്ട്. അത് സർക്കാർ ചെയ്യും. കോടതി ഉത്തരവ് മുഴുവനായി പഠിക്കും. തുടർന്ന് ഞായറാഴ്ച യോ​ഗം ചേർന്ന് തീരുമാനമെടുക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.

അതേസമയം, കോടതി ഉത്തരവ് ബിജെപി നേതാക്കൾ ആഘോഷമാക്കി. "ബെംഗളൂരുവിലെ ചാമരാജ് പേട്ടിലുള്ള ഈദ്ഗാഹ് മൈതാനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരത്തിന് വിടാനുള്ള കർണാടക ഹൈക്കോടതിയുടെ വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. പൗരന്മാരും സംഘടനകളും പ്രകടിപ്പിക്കുന്ന ആഗ്രഹപ്രകാരം ഈ ഭൂമിയിൽ സാംസ്കാരികവും മതപരവുമായ പ്രവർത്തനങ്ങൾ അനുവദിക്കണം"- ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയിലെ നേതാവുമായ സി.ടി രവി ട്വീറ്റ് ചെയ്തു.

TAGS :

Next Story