'വിദ്വേഷമല്ലാതെ മറ്റൊന്നും പുറത്ത് വരില്ലേ? മാന്യമായി സംസാരിച്ചാലെന്ത്?' ആർഎസ്എസ് നേതാവിനോട് കർണാടക ഹൈക്കോടതി
മുസ്ലിം സമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിൽ ആർഎസ്എസ് നേതാവ് നിരന്തരം പരാമർശങ്ങൾ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി, കർണാടക സ്റ്റേറ്റ് ദലിത് സംഘടനാ നേതാവ് ഐശ്വരി പത്മനുജ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം

- Published:
3 Jun 2026 5:19 PM IST

ബംഗളൂരു: വിദ്വേഷം കലർന്ന സംസാരം അവസാനിപ്പിച്ചുകൂടേയെന്ന് ആർഎസ്എസ് നേതാവ് ഡോ.കല്ലട്ക പ്രഭാകറിനോട് കർണാടക ഹൈക്കോടതി. വിശാംഷം കലർന്ന സംസാരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനത്തോട് സംയമനത്തോടെ പെരുമാറണമെന്നും ഹൈക്കോടതി ശാസിച്ചു. മുസ്‌ലിം സ്ത്രീകളെ കുറിച്ചും ജനന നിരക്കിനെ കുറിച്ചുമുള്ള വിദ്വേഷ പരാമർശങ്ങളിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആർ റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് വിമർശനം. മുസ്‌ലിം സമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിൽ ആർഎസ്എസ് നേതാവ് നിരന്തരം പരാമർശങ്ങൾ നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി, കർണാടക സ്റ്റേറ്റ് ദലിത് സംഘടനാ നേതാവ് ഐശ്വരി പത്മനുജയാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. പൊതുസമ്മേളനങ്ങളെ വിദ്വേഷ പരാമർശങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം നീക്കങ്ങളെ തുടർന്നുകൊണ്ടുപോകാൻ ഇയാളെ അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ ചുമത്തണമെന്നും പരാതിയിൽ ഇവർ ആവശ്യമുന്നയിക്കുന്നുണ്ട്. ഇതേതുടർന്നാണ് കോടതിയുടെ രൂക്ഷ വിമർശനം.
'വിദ്വേഷ പരാമർശങ്ങളുടെ അകമ്പടി കൂടാതെ സംസാരിക്കാനറിയില്ലേ...സംയമനത്തോട് കൂടി സംസാരിക്കാൻ ശ്രമിക്കൂ. പരാതികൾക്ക് മേൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എന്തായാലും, പരാതികളെ നിയമപരമായി തന്നെ നാം പരിശോധിക്കും'. കോടതി വ്യക്തമാക്കി.
ഹിന്ദു, മുസ്‌ലിം ജനനനിരക്കിനെ താരതമ്യം ചെയ്ത കല്ലട്ക, ഹിന്ദു ജനസംഖ്യ താരതമ്യേന താഴുന്നതിൽ അസ്വാഭാവികമായ ആശങ്കയാണ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിശ്ചിത മണ്ഡലങ്ങളിൽ ഹിന്ദു ജനവിഭാഗങ്ങളുടെ ആൾബലം കുറയുമെന്നും പരമാവധി ഒരു വീട്ടിൽ മൂന്ന് കുട്ടികളെങ്കിലും വളരണമെന്നുമായിരുന്നു ആർഎസ്എസ് നേതാവിന്‍റെ പരാമർശം. മഹാലിങ്കേശ്വരയ്ക്ക് വേണ്ടി ജനനനിരക്ക് വർധിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെടുകയുണ്ടായി. ജൂൺ രണ്ടിനാണ് ആർഎസ്എസ് നേതാവിന്‍റെ കേസിനാസ്പദമായ വിവാദ പരാർമശം. പ്രസ്താവനക്കെതിരെ ഹിന്ദു സമുദായത്തിൽ നിന്ന് തന്നെയും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആർഎസ്എസ് നേതാവിന്‍റെ പ്രസ്താവന ഇരുസമുദായത്തിലെയും സ്ത്രീകളുടെ അന്തസിന് ക്ഷതമേൽപ്പിച്ചുവെന്നും പൊതുസമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിന്മേലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റ് പരാതികളും വാദങ്ങളും ജൂൺ 16-ന് കോടതി വിശദമായി കേൾക്കും.
ജനനനിരക്ക്, പ്രസവം, ജനസംഖ്യ എന്നിവയുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല, കല്ലട്ക വിദ്വേഷ പരാമർശങ്ങൾ നടത്തുന്നത്. ലവ് ജിഹാദ്, സ്ത്രീകളുടെ സ്വാതന്ത്ര്യം, രാജ്യത്തെ ജനസംഖ്യ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ മുസ്‌ലിം സമുദായത്തെ ഉന്നംവെച്ചുകൊണ്ട് നേരത്തെയും ആർഎസ്എസ് നേതാവ് വിവാദ പരാർമശങ്ങൾ നടത്തിയിട്ടുണ്ട്. 2018 മുതൽ നിരവധി പരാതികൾ ഇയാൾക്കെതിരിൽ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.
Adjust Story Font
16
