Quantcast

കൈനീട്ടി വാങ്ങിയ നാണയത്തുട്ടുകൾ ഒടുവിൽ ലക്ഷങ്ങളായി; യാചക സ്ത്രീ മരിച്ചപ്പോൾ വീട്ടിൽ കണ്ടെത്തിയത് 8.40 ലക്ഷം രൂപ!

ജീവിതം മുഴുവൻ ഭിക്ഷാടനം ചെയ്ത് സമ്പാദിച്ച പണം സൂക്ഷിച്ചുവെച്ചത് പഴയ ചാക്കുകളിലായിരുന്നു

MediaOne Logo

Web Desk

  • Published:

    28 Aug 2026 7:48 AM IST

കൈനീട്ടി വാങ്ങിയ നാണയത്തുട്ടുകൾ ഒടുവിൽ ലക്ഷങ്ങളായി; യാചക സ്ത്രീ മരിച്ചപ്പോൾ വീട്ടിൽ കണ്ടെത്തിയത് 8.40 ലക്ഷം രൂപ!
X

മണ്ഡ്യ: ജീവിതം മുഴുവൻ ഭിക്ഷാടനം ചെയ്ത് സമ്പാദിച്ച പണം സൂക്ഷിച്ചുവെച്ചത് പഴയ ചാക്കുകളിലായിരുന്നു. എന്നാൽ ആ പണം ഉപയോഗിക്കാൻ കഴിയാതെ 68-ാം വയസ്സിൽ ഹൂർ വിടപറഞ്ഞു. കർണാടകയിലെ മണ്ഡ്യയിലാണ് സംഭവം. ഹൂർ മരിച്ചതിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 30-ലധികം ചാക്കുകളിൽ നിറച്ച നിലയിൽ 8.40 ലക്ഷം രൂപ കണ്ടെത്തിയത്.

പ്രായാധിക്യത്തെ തുടർന്നുള്ള അസുഖമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹൂർ താമസിച്ചിരുന്നത്. സഹോദരിക്കൊപ്പമായിരുന്നു നേരത്തെ താമസം. എന്നാൽ സഹോദരി രണ്ട് വർഷം മുമ്പ് മരിച്ചു. ഇരുവരും വിവാഹം കഴിച്ചിരുന്നില്ല.

ഹൂർ മരിച്ചതിന് പിന്നാലെ വീട്ടിലെത്തിയ നാട്ടുകാരാണ് ചാക്കുകൾക്കുള്ളിൽ പണവും നാണയങ്ങളും സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. 10, 20, 50 രൂപയുടെ നോട്ടുകൾക്കൊപ്പം നിരവധി നാണയങ്ങളും ചാക്കുകളിൽ ഉണ്ടായിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

നാട്ടുകാർ ചേർന്ന് പണം എണ്ണിയപ്പോഴാണ് ആകെ 8,40,000 രൂപയുണ്ടെന്ന് വ്യക്തമായത്. വർഷങ്ങളോളം ഭിക്ഷാടനം ചെയ്ത് സ്വരുക്കൂട്ടിയ തുകയായിരുന്നു ഇതെന്നാണ് വിവരം.

പണം പിന്നീട് ഹൂരിന്റെ സഹോദരങ്ങൾക്ക് കൈമാറി. ഒരാൾക്ക് ആറ് ലക്ഷം രൂപ ലഭിച്ചപ്പോൾ മറ്റൊരു സഹോദരന് 2.40 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിൽ 2.40 ലക്ഷം രൂപ സഹോദരൻ പള്ളിക്ക് സംഭാവന ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ജീവിതത്തിന്റെ അവസാന കാലത്തും പണം ചെലവഴിക്കാതെ ചാക്കുകളിൽ സൂക്ഷിച്ച ഹൂരിന്റെ ജീവിതവും മരണശേഷം പുറത്തുവന്ന സമ്പാദ്യവുമാണ് ഇപ്പോൾ നാട്ടിൽ ചർച്ചയാകുന്നത്. വർഷങ്ങളോളം ചെറിയ തുകകളായി സ്വരുക്കൂട്ടിയ പണം ഒടുവിൽ അവകാശികളുടെ കൈകളിലെത്തുകയായിരുന്നു.

TAGS :

Next Story