വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു, പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപനം
ക്രമക്കേടുകൾ ആരോപിച്ച് ബിജെപിയും ജെഡിഎസും വീണ്ടും ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നാഗേന്ദ്രയുടെ രാജി

ബംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ 89 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കർണാടക കാബിനറ്റ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം. ബല്ലാരി റൂറലിനെ പ്രതിനിധീകരിക്കുന്ന നാഗേന്ദ്ര, സ്വമേധയാ രാജിവച്ചതായും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് രാജി സമർപ്പിച്ചതായും അറിയിച്ചു.
''ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നു'' വികാരഭരിതനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനൊരു ദലിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. "വാൽമീകി ഇടപാടിൽ എന്‍റെ ഒപ്പ് എവിടെയെങ്കിലും ഉണ്ടോ? ഒരു ദലിതനായതുകൊണ്ട് എന്നെ വേട്ടയാടുന്നു. കർണാടകയിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും എനിക്കെതിരെ ആയിരം നുണകൾ സൃഷ്ടിക്കുന്നു'' നാഗേന്ദ്ര കണ്ണീരോടെ പറയുന്നു.
ക്രമക്കേടുകൾ ആരോപിച്ച് ബിജെപിയും ജെഡിഎസും വീണ്ടും ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നാഗേന്ദ്രയുടെ രാജി. അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കർണാടക നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നാഗേന്ദ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 1 മുതൽ 10 വരെ റായ്ച്ചൂരിൽ നിന്ന് ബെല്ലാരിയിലേക്ക് മാർച്ച് നടത്താനും പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു. അഴിമതി അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ രണ്ടാമത്തെ കുറ്റപത്രത്തിൽ തന്റെ പേര് തിടുക്കത്തിൽ ഉൾപ്പെടുത്തിയെന്നും നാഗേന്ദ്ര ആരോപിക്കുന്നു.
2024 മെയ് മാസത്തിൽ കോർപ്പറേഷന്റെ അക്കൗണ്ട്സ് ഓഫീസർ ചന്ദ്രശേഖരൻ പി. ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഈ വിഷയം പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ ആത്മഹത്യ കുറിപ്പിൽ അനധികൃതമായി ഫണ്ട് കൈമാറ്റം നടന്നതായി സൂചിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മറ്റ് വിവിധ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ മാറ്റിയതായി കണ്ടെത്തി. ഈ സമയത്ത് നാഗേന്ദ്ര ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
2008ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച നാഗേന്ദ്ര പിന്നീട് 2013 ൽ കുഡ്‌ലിഗിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. 2018 ൽ കോൺഗ്രസിൽ ചേർന്നു, ബെല്ലാരിയിലെ സംവരണ സീറ്റിൽ നിന്നും തുടര്‍ച്ചയായി രണ്ട് തവണ നിയമസഭയിലെത്തി. പട്ടികവർഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് 2024 ജൂണിൽ സിദ്ധരാമയ്യ സർക്കാരിൽ നിന്ന് നാഗേന്ദ്ര രാജിവച്ചിരുന്നു. മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ അധികാരമേറ്റതിനുശേഷം ആഗസ്റ്റിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Minister nagendra resigned! pic.twitter.com/Je3uKYs3cG
— Gk (@Ggk_here_) August 28, 2026
Adjust Story Font
16

