Quantcast

പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക ജെഡിഎസ് എംഎൽഎ

നിങ്ങൾ തെര‍ഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിച്ച ശേഷം അത് ചെയ്തോളൂ എന്ന് മന്ത്രി മറുപടി നൽകി.

MediaOne Logo

Web Desk

  • Updated:

    2025-03-18 16:22:29.0

Published:

18 March 2025 9:50 PM IST

Karnataka Senior JDS MLA wants 2 free liquor bottles for men every week
X

ബെം​ഗളൂരു: പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎൽഎ. കർണാടക നിയമസഭയിൽ എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചർച്ച പുരോ​ഗമിക്കവെ മുതിർന്ന എംഎൽഎയായ എം.ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യവുമായി‌ രം​ഗത്തെത്തിയത്.

'ഒരു വർഷത്തിനുള്ളിൽ സർക്കാർ മൂന്ന് തവണ എക്സൈസ് നികുതി വർധിപ്പിച്ചു. ഇത് ദരിദ്രരെയാണ് ബാധിക്കുന്നത്. 2025- 26ൽ എക്സൈസ് ലക്ഷ്യമിടുന്ന വരുമാനം 40,000 കോടി രൂപയാണ്. വീണ്ടും നികുതി വർധിപ്പിക്കാതെ ഇതെങ്ങനെ നേടും?'- തുരുവേക്കരെയെ പ്രതിനിധീകരിക്കുന്ന നിയമസഭാം​ഗമായ എം.ടി കൃഷ്ണപ്പ ചോദിച്ചു.

'ആളുകൾ മദ്യപിക്കുന്നതിൽ നിന്ന്, പ്രത്യേകിച്ച് തൊഴിലാളി വർ​ഗത്തെ തടയാൻ നമുക്ക് കഴിയില്ല. അവരുടെ ചെലവിൽ, നിങ്ങൾ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. എന്തായാലും അത് ഞങ്ങളുടെ കൂടി പണമാണ്. അപ്പോൾ, മദ്യപിക്കുന്ന പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകുക. അവർ കുടിക്കട്ടെ. എല്ലാ മാസവും അവർക്കെങ്ങനെ പണം നൽകാനാവും?'- എംഎൽഎ ചോദിച്ചു.

'പുരുഷന്മാർക്ക് എന്തെങ്കിലും കൊടുക്കൂ... ആഴ്ചയിൽ രണ്ട് കുപ്പി മദ്യമൊക്കെ കൊടുത്താൽ എന്താണ് കുഴപ്പം? സർക്കാരിനിത് സൊസൈറ്റികൾ വഴി നൽകാൻ കഴിയും'- കൃഷ്ണപ്പ നിർദേശിച്ചു. ഇതിന് ഭരണപക്ഷത്ത നിന്നും മറുപടിയുമായി ഊർജ മന്ത്രി കെ.ജെ ജോർജ് രം​ഗത്തെത്തി. 'നിങ്ങൾ ആദ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക, എന്നിട്ട് സർക്കാർ രൂപീകരിക്കുക, തുടർന്ന് ഇത് ചെയ്യുക. ഞങ്ങൾ ആളുകളുടെ മദ്യപാനം കുറയ്ക്കാൻ ശ്രമിക്കുകയാണ്'- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മദ്യനിരോധനമാണ് വേണ്ടതെന്ന് കോൺ​ഗ്രസ് എംഎൽഎയായ ബി.ആർ പാട്ടീൽ ആവശ്യപ്പെട്ടു.'ഈ എക്സൈസ് വരുമാനം പാപത്തിന്റെ പണമാണ്. ദരിദ്രരിൽ നിന്ന് ഊറ്റിയെടുത്ത രക്തമാണിത്. ഈ പണത്തിന് രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയില്ല. ദേശീയതലത്തിൽ മദ്യനിരോധനം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കണം'- പാട്ടീൽ പറഞ്ഞു. 'രണ്ട് മണിക്കൂർ നേരത്തേക്ക് താൻ ഒരു സ്വേച്ഛാധിപതിയാണെങ്കിൽ ആദ്യം മദ്യം നിരോധിക്കുമെന്ന് മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു'- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം മദ്യത്തെ ഇത്രയധികം ആശ്രയിക്കണമോയെന്നും ഇത് തുടർന്നാൽ, നമ്മൾ എവിടേക്ക് പോകുമെന്നും ബിജെപി എംഎൽഎയും പ്രതിപക്ഷ ഉപനേതാവുമായ അരവിന്ദ് ബെല്ലാഡ് ചോദിച്ചു. ബിഹാർ പോലുള്ള സംസ്ഥാനങ്ങൾ എക്സൈസ് വരുമാനമില്ലാതെ പ്രവർത്തിക്കുന്നു. ഗുജറാത്തിന്റെ വരുമാനത്തിന്റെ 0.1 ശതമാനം മാത്രമാണ് എക്സൈസ് എന്നും ബെല്ലാഡ് വാദിച്ചു.

TAGS :

Next Story