Quantcast

വർഗീയതക്കെതിരെ നക്‌സൽ വിരുദ്ധ മാതൃകയിൽ ടാസ്‌ക്‌ഫോഴ്‌സുമായി കർണാടക സർക്കാർ

വർഗീയചുവയിൽ പ്രസംഗിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് - ജി. പരമേശ്വര

MediaOne Logo

Web Desk

  • Published:

    3 May 2025 6:42 PM IST

വർഗീയതക്കെതിരെ നക്‌സൽ വിരുദ്ധ മാതൃകയിൽ ടാസ്‌ക്‌ഫോഴ്‌സുമായി കർണാടക സർക്കാർ
X

മംഗളുരു: വർഗീയ സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ വർഗീയതാ വിരുദ്ധ കർമസേന രൂപീകരിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര. സമാധാനം നിലനിർത്താനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും നക്‌സൽ വിരുദ്ധ സേനയുടെ മാതൃകയിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും ഒരാഴ്ചയ്ക്കകം സേന നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരുവിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

'വർഗീയ അക്രമങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കർശ നടപടിയെടുക്കാൻ ടാസ്‌ക് ഫോഴ്‌സിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. നിയമാനുസൃതമായ എല്ലാ അധികാരങ്ങളും അവർക്ക് ഉറപ്പാക്കും.' പരമേശ്വര പറഞ്ഞു. വർഗീയചുവയിൽ പ്രസംഗിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വർഗീയ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും തീരദേശ മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിച്ച് സമാധാനം കൊണ്ടുവരികയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ലെ ഫാസിൽ വധക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാസ സുഹാസ് ഷെട്ടിയെ മെയ് ഒന്നിന് വൈകിട്ടാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സുഹാസ് സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 27-ന് ദക്ഷിണ കന്നഡ ജില്ലയിലെ കുപുഡുവിന് സമീപം ക്ഷേത്രത്തിനു സമീപമുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ മുഹമ്മദ് അഷ്‌റഫ് (35) എന്ന മലയാളി യുവാവിനെ സംഘ് പരിവാർ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾക്കൂട്ട ആക്രമണത്തിന്റെ വിവരം അറിഞ്ഞിട്ടും യഥാസമയം ഇടപെടാതിരുന്നതിന് മംഗളുരു റൂറൽ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ ശിവകുമാർ അടക്കം മൂന്നു പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

TAGS :

Next Story