കരൂർ ദുരന്തം: സിബിഐ അന്വേഷണത്തിനുള്ള ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും
ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബവുമായി നടൻ വിജയ് വീഡിയോ കോളിൽ സംസാരിച്ചു

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബിജെപി നേതാവ് ഉമാ ആനന്ദാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകിയത്.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ, ബിജെപി പാർട്ടികളുടെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച കോടതി വിജയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബവുമായി നടൻ വിജയ് വീഡിയോ കോളിൽ സംസാരിച്ചു. ടിവികെ പ്രവർത്തകർ വീട് സന്ദർശിക്കുന്നതിനിടെയാണ് വിജയ് അഞ്ചു പേരുടെ കുടുംബവുമായി വീഡിയോ കോളിൽ സംസാരിച്ചത്. 20 മിനിറ്റ് നേരം വിജയ് ഇവരുമായി സംസാരിച്ചു. മറ്റുള്ളവരുടെ കുടുംബങ്ങളുമായും വിജയ് ഉടൻ സംസാരിക്കുമെന്നാണ് സൂചന. നിലവിലുള്ള സാഹചര്യം മാറിയാൽ നേരിട്ട് കാണാം എന്ന് വിജയ് അറിയിച്ചതായും വിവരങ്ങളുണ്ട്.
ദുരന്തത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ഈ തുകയാണ് പാർട്ടി ആസ്ഥാനത്ത് വച്ച് കൈമാറുക. തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിച്ചതിന് പിന്നാലെ തിരിച്ചുപോയ വിജയ്‌യുടെ നടപടി ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Adjust Story Font
16

