Quantcast

'അധികം ഷോ വേണ്ട, കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങൾ മതി': ഉത്തരവുമായൊരു പഞ്ചായത്ത്‌

ഉത്തരാഖണ്ഡിലെ ജൗൻസാർ പട്ടികവർഗ മേഖലയിലെ പഞ്ചായത്താണ് മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കേണ്ടെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Oct 2025 11:44 AM IST

അധികം ഷോ വേണ്ട, കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങൾ മതി: ഉത്തരവുമായൊരു പഞ്ചായത്ത്‌
X

Representative Image Photo-ndtv

ഡെറാഡൂൺ: കല്യാണത്തിന് മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്ന വിചിത്ര ഉത്തരവുമായി ഇന്ത്യയിലെ ഒരു പഞ്ചായത്ത്. ഉത്തരാഖണ്ഡിലെ ജൗൻസാർ പട്ടികവർഗ മേഖലയിലെ പഞ്ചായത്താണ് മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കേണ്ടെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഡെറാഡൂൺ ജില്ലയിലെ തന്നെ യമുന, ടോൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാന്ധർ, ഇന്ദ്രാണി ഗ്രാമങ്ങളും ഇതെ ഉത്തരവുമായി രംഗത്തുണ്ട്.

നിര്‍ദേശം വെച്ചെന്ന് മാത്രമല്ല ലംഘിച്ചാല്‍ പിഴയുമുണ്ട്. സ്വര്‍ണവില ഉയര്‍ന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ഗാർഹിക കലഹങ്ങളും സമത്വവുമൊക്കെ ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്തുകളുടെ വിചിത്ര ഉത്തരവ്. വിവാഹങ്ങളിൽ സ്ത്രീകൾക്ക് മൂക്കുത്തി, കമ്മൽ, മംഗല്യസൂത്രം എന്നിവ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ എന്നും ഇത് അനുസരിക്കാത്തവർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നാണ് അറിയിപ്പ്.

' വില ഉയര്‍ന്നത് കാരണം നിരവധി സ്ത്രീകൾ സമ്മര്‍ദത്തിന് അടിപ്പെട്ട് സ്വർണ്ണം വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഉള്ളവര്‍ അലങ്കാരമായി കൊണ്ടുനടക്കുന്നു. ഇത് കുടുംബ കലഹങ്ങൾക്ക് വരെ കാരണമാകുന്നു. ഇതൊഴിവാക്കാനും എല്ലാവരും സമന്മാരാണെന്ന് ഉറപ്പിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ തീരുമാനത്തെ സ്ത്രീകൾ സ്വാഗതം ചെയ്തിട്ടുണ്ട്''- കാന്ധർ ഗ്രാമത്തിലെ പ്രമുഖ വ്യക്തി അർജുൻ സിങ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തീരുമാനത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തുണ്ട്.

"സമത്വം കൈവരിക്കണമെങ്കിൽ, സ്ത്രീകളുടെ ആഭരണങ്ങൾ മാത്രം നിരോധിച്ചാല്‍ മതിയോ എന്നും പുരുഷന്മാരുടെ മദ്യാസക്തിയും നിര്‍ത്തേണ്ടെ എന്നുമാണ് ജൗൻസാറിലെ താമസക്കാരിയായ അമല ചൗഹാൻ ചോദിക്കുന്നത്. സ്വർണ്ണം ഒരു നിക്ഷേപമാണ്, പ്രയാസകരമായ സമയങ്ങളിൽ അത് ഉപയോഗപ്രദമാകും. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം എന്തെന്നും നിഷ റാവത്ത് എന്നൊരു വീട്ടമ്മ ചോദിക്കുന്നു. വിമര്‍ശനങ്ങളുണ്ടെങ്കിലും പട്ടികവർഗ പ്രദേശമായ ജൗൻസറിൽ, പഞ്ചായത്തിന്റെ തീരുമാനമാണ് അന്തിമമായി കണക്കാക്കപ്പെടുന്നത്. നാട്ടുകാരത് അതീവ ഗൗരവത്തോടെ പിന്തുടരുകരയും ചെയ്യാറുണ്ട്.

TAGS :

Next Story