Quantcast

'മോദി സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികൾ'; രാഹുലിനെ അയോഗ്യനാക്കിയതിൽ കെജ്‌രിവാൾ

'പ്രതിപക്ഷത്തെ ഒഴിവാക്കി ഒരു രാജ്യം, ഒരു പാർട്ടിയെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനെയാണ് സ്വേച്ഛാധിപത്യമെന്ന് പറയുക'

MediaOne Logo

Web Desk

  • Updated:

    2023-03-24 14:54:00.0

Published:

24 March 2023 2:28 PM GMT

Narendra Modi, Arvind Kejriwal, Arvind Kejriwal reacted to Congress leader Rahul Gandhis disqualification from the post of MP.
X

Narendra Modi, Arvind Kejriwal

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ച് ആംആദ്മി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ന് വൈകീട്ട് ഡൽഹി നിയമസഭയ്ക്ക് മുമ്പിൽ വെച്ച്‌ സംസാരിക്കവേയാണ് വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

'നമ്മുടെ പ്രപിതാക്കൾ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ പോരാടി. പക്ഷേ ഇന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബ്രിട്ടീഷുകാരേക്കാൾ അപകടകാരികളാണ്. ഇത് കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്' കെജ്‌രിവാൾ പറഞ്ഞു.

'ലോക്‌സഭയിൽനിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കിയത് ഞെട്ടിക്കുന്നതാണ്. രാജ്യം കടന്നുപോകുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ്. അവർ രാജ്യത്തെ ഭീതിയിൽ നിർത്തിയിരിക്കുകയാണ്. അഹങ്കാരം നിറഞ്ഞ അധികാരത്തിനെതിരെ 130 കോടി ജനങ്ങൾ ഒന്നിച്ചുനിൽക്കണം' കെജ്‌രിവാൾ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

രാജ്യത്ത് സംഭവിക്കുന്നത് അത്യധികം അപകടകരമായ കാര്യമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'പ്രതിപക്ഷത്തെ ഒഴിവാക്കി ഒരു രാജ്യം, ഒരു പാർട്ടിയെന്ന സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിനെയാണ് സ്വേച്ഛാധിപത്യമെന്ന് പറയുക. രാജ്യത്തെ പൗരന്മാരോട് എനിക്ക് പറയാനുള്ളതിതാണ്: ഒന്നിച്ച് മുന്നേറണം, നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കണം, രാജ്യത്തെ രക്ഷിക്കണം' അദ്ദേഹം വാർത്താസമ്മേളനം പങ്കുവെച്ചുള്ള ട്വീറ്റിനൊപ്പം എഴുതി.

മോദിയെ വിമർശിച്ചുള്ള 2019ലെ പ്രസംഗത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുലിന് രണ്ട് വർഷം തടവ് വിധിക്കുകയും തുടർന്ന് അയോഗ്യനാക്കുകയും ചെയ്തതോടെ നിരവധി പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തിന് പിന്തുണയായി എത്തിയിരുന്നു. ഈ നിരയിലേക്കാണ് ഡൽഹി സംസ്ഥാന ഭരിക്കുന്ന ആംആദ്മിയുമെത്തുന്നത്.

രണ്ടു വർഷം തടവിന് ശിക്ഷിച്ചു, രാഹുലിന് എംപി സ്ഥാനം നഷ്ടം

ഇന്നലെയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

വിധിക്ക് പിന്നാലെ പതിനയ്യായിരം രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു. വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാൻ ജില്ലാ കോടതി രാഹുലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. രാഹുലിന് ശിക്ഷ വിധിച്ച ഉത്തരവിന് ഉന്നതകോടതി സ്റ്റേ നൽകിയാലാണ് അയോഗ്യത നീക്കാനാകുക. സൂറത്ത് സെഷൻ കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലുമാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകേണ്ടത്.

മാനനഷ്ടക്കേസിൽ ശിക്ഷിച്ചതോടെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു.

2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് കേസിനാധാരം. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബപ്പേര് വന്നത്?' എന്നാണ് രാഹുൽ പ്രസംഗിച്ചിരുന്നത്.നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം മോദി എന്ന പേർ എങ്ങനെ കിട്ടി എന്നും ഇനിയും എത്ര മോദിമാർ പുറത്തുവരാനിരിക്കുന്നു എന്ന് ആർക്കുമറിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പരാമർശത്തിനെതിരെ ഐപിഎൽ മുൻ മേധാവിയായ ലളിത് മോദി രംഗത്തെത്തിയിരുന്നു. ഐപിഎൽ മേധാവി ആയിരിക്കെ സാമ്പത്തിക തട്ടിപ്പിനും നികുതി വെട്ടിപ്പിനും അന്വേഷണം നേരിട്ട ലളിത് മോദി പിന്നീട് ഇന്ത്യ വിടുകയായിരുന്നു.

Aam Aadmi Party chief and Delhi Chief Minister Arvind Kejriwal reacts to the disqualification of Congress leader Rahul Gandhi from the post of MP.

TAGS :

Next Story