Quantcast

സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് അരവിന്ദ് കെജ് രിവാള്‍; സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

ചോദ്യക്കടലാസ് ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വാങ്ചുകിന്റെ സമരത്തിന് പിന്തുണയുമായി കെജ്‌രിവാൾ നേരിട്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-07-16 15:51:08

Published:

16 July 2026 8:08 PM IST

സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് അരവിന്ദ് കെജ് രിവാള്‍; സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
X

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ജന്തർ മന്തറിൽ നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക്.

സമരപ്പന്തലിലെത്തി വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാൾ, ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്ചുകിനെ രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുൻ ഡൽഹി മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പും നൽകി. "യുവാക്കളുടെയും 'കോക്രോച്ച് മൂവ്‌മെന്റിന്റെയും' സോനം വാങ്ചുകിന്റെയും ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം, മൂന്ന് വർഷത്തിന് ശേഷം (അടുത്ത പൊതുതെരഞ്ഞെടുപ്പിൽ) കേന്ദ്ര സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരും. ഞാൻ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുകയാണ്, ധർമേന്ദ്ര പ്രധാൻ രാജി വെക്കണം, പകരം സോനം വാങ്ചുകിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. പ്രധാനമന്ത്രിയോട് എനിക്ക് ഇതേ പറയാനുള്ളൂ"- കെജ്‌രിവാൾ പറഞ്ഞു.

ചോദ്യക്കടലാസ് ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വാങ്ചുകിന്റെ സമരത്തിന് പിന്തുണയുമായി കെജ്‌രിവാൾ നേരിട്ടെത്തിയത്. അഴിമതിക്കെതിരായ യുവാക്കളുടെ പോരാട്ടത്തെ സർക്കാർ അടിച്ചമർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സോനം വാങ്ചുക്കിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യ സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി. രാജ്യത്തെ ഓരോ പൗരന്റെയും ​ജീവന്‍ വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. സോനം വാങ് ചുക്കിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ രാകേഷ് കുമാർ സൈനി നൽകിയ പൊതുതാല്പര്യ ഹരജിയാണ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

TAGS :

Next Story