'ചരിത്ര വിജയം നേടും, കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകും'; എക്‌സിറ്റ്‌പോൾ ഫലങ്ങൾ തള്ളി എഎപി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ

ന്യൂഡല്‍ഹി: എക്സിറ്റ് പോളുകളെ തള്ളി എഎപി. ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് എഎപി നേതാവ് റീന ഗുപ്ത പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും റീന വ്യക്തമാക്കി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ബിജെപിക്ക് 35 മുതൽ അൻപത് വരെ സീറ്റുകളെന്ന് പ്രവചിക്കുകയാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും. ജെവിസി എക്‌സിറ്റ്‌പോൾ പ്രകാരം ബിജെപി 39മുതൽ 45 സീറ്റുകൾ വരെ നേടുമ്പോൾ എഎപി 22നും 31നും ഇടയിൽ ഒതുങ്ങുമെന്നും കോൺഗ്രസ് ഒരു സീറ്റുവരെ സ്വന്തമാക്കുമെന്നാണ്.
"നിങ്ങൾ ഏത് വര്‍ഷത്തെ എക്‌സിറ്റ് പോൾ ഫലങ്ങള്‍ നോക്കിയാലും, എഎപിക്ക് കുറച്ച് സീറ്റുകളാണ് പ്രവചിക്കാറ്. 2013, 2015 തുടങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വരെ അങ്ങനെയായിരുന്നു. എന്നാൽ ഫലം വരുമ്പോള്‍ മറിച്ചാണ് സംഭവിക്കുക. ഇക്കുറിയും എഎപി ചരിത്ര വിജയം നേടും, അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകും''- റീന ഗുപ്ത പറഞ്ഞു.
എന്നാല്‍ ഫെബ്രുവരി എട്ടിന് താമര വിരിയുമെന്ന് ഉറപ്പാണെന്ന് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിച്ച ന്യൂഡൽഹി നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ പറഞ്ഞു.
അതേസമയം വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍, അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 57.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 70 അംഗ സഭയിൽ 36 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. എട്ടിനാണ് വോട്ടെണ്ണല്‍.
Adjust Story Font
16

