Quantcast

ദ കേരള സ്റ്റോറി പെരുംനുണ; കണക്കു നിരത്തി യൂട്യൂബർ ധ്രുവ് റാഠി - വീഡിയോ

32000 പേർ ഐസിസിൽ ചേർന്നു എന്നാണ് സിനിമ പറയുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം, 110 രാഷ്ട്രങ്ങളിൽനിന്ന് 40,000 പേരാണ് സിറിയയിലെയും ഇറാഖിലെയും സംഘർഷ പ്രദേശങ്ങളില്‍ ആകെ എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-05-12 12:47:58.0

Published:

12 May 2023 7:00 AM GMT

kerala story
X

സുദിപ്‌തോ സെൻ സംവിധാനം ചെയ്ത വിവാദ സിനിമ ദ കേരള സ്‌റ്റോറിയിലെ കള്ളക്കഥകൾ വസ്തുതകൾ നിരത്തി തുറന്നു കാട്ടി യൂട്യൂബർ ധ്രുവ് റാഠി. നുണ ആവർത്തിച്ചും അർധസത്യങ്ങൾ പറഞ്ഞുമാണ് സിനിമ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ദ കേരള സ്റ്റോറി ട്രൂ ഓർ ഫേക്ക് (കേരള സ്റ്റോറി, സത്യമോ കള്ളമോ) എന്നു തലക്കെട്ടിട്ട വീഡിയോയിൽ ധ്രുവ് പറയുന്നു. ജനസംഖ്യാനുപാതികമായി ഐസിസിലേക്ക് ഏറ്റവും കുറവ് ആളുകൾ പോയ രാഷ്ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കള്ളക്കഥ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഉപയോഗിച്ചെന്നും ധ്രുവ് റാഠി കുറ്റപ്പെടുത്തി.

വീഡിയോയിൽ ധ്രുവ് റാഠി പറയുന്നതിങ്ങനെ;

'ഹിന്ദു സമുദായത്തിൽപ്പെട്ട മൂന്നു യുവതികളെ ഇസ്‌ലാമിലേക്ക് മതം മാറ്റി ഭീകരസംഘടനയായ ഐസിസിൽ എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 32000 ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്ന് സംവിധായകനായ സുദിപ്‌തോ സെൻ പറയുന്നു. എന്താണ് യഥാർത്ഥ കഥ? ഇതിൽ എത്രമാത്രം വസ്തുതയുണ്ട്.

ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫിൽ ബിഗ് ലൈ (വമ്പൻ നുണ) എന്ന പ്രൊപ്പഗണ്ട സൂത്രത്തെ കുറിച്ച് പറയുന്നുണ്ട്. വമ്പൻ കള്ളങ്ങൾ വമ്പൻ ആത്മവിശ്വാസത്തോടെ പറയുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ രീതി. കള്ളം നിരന്തരം ആവർത്തിക്കുക എന്ന ജോസഫ് ഗീബൽസിന്റെ തന്ത്രമാണ് രണ്ടാമത്തേത്. ആവർത്തിച്ചു പറയുമ്പോൾ ലോകം അത് സത്യമാണ് എന്നു വിശ്വസിക്കുന്നു. അർധസത്യമാണ് മൂന്നാമത്തെ സൂത്രം. വലിയ കള്ളങ്ങൾ ഇന്ന് ആളുകൾ വേഗത്തിൽ മനസ്സിലാക്കുന്നുണ്ട്. ഇത്ര വലിയ കള്ളം പറയരുതേ എന്നു പറയും. അതുകൊണ്ടാണ് അർധസത്യം പറയുന്നത്.'

സിനിമയിൽ അർധസത്യം എങ്ങനെ ഉപയോഗിച്ചു എന്ന് റാഠി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ;

'2006 മുതൽ 2500 പേർ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി 2010ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത്, കേരളം ഇരുപത് വർഷത്തിനുള്ളിൽ ഇസ്‌ലാമിക രാഷ്ട്രമാകുമെന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ചൂണ്ടിക്കാട്ടിയത്, സിനിമയുടെ ടീസറിൽ ഫാതിമ എന്ന കഥാപാത്രം താൻ അഫ്ഗാനിസ്ഥാനിലെ ജയിലിലാണ് എന്നു പറയുന്നത്... ഇക്കാര്യങ്ങളെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ അർധസത്യങ്ങളുടെ ഉദാഹരണമാണ് ഇവയെല്ലാം.

തലക്കെട്ടുകളിൽ മാത്രമാണ് ഇവയിലെ സത്യമുള്ളത്. വിശദ റിപ്പോർട്ടുകൾ അങ്ങനെയല്ല. ഒന്നാമതായി, മതപരിവർത്തനവുമായി ഉമ്മൻചാണ്ടിയുടെ പ്രസ്താവന ഇങ്ങനെയാണ്; 2006 മുതൽ 2667 യുവതികളിൽ ഇസ്‌ലാം മതം സ്വീകരിച്ചു. എന്നാൽ ഇത് നിർബന്ധിത മതപരിവർത്തനമാണ് എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. ലവ് ജിഹാദിന്റെ പേരിൽ മുസ്‌ലിം സമുദായത്തിന് നേരെ നടക്കുന്ന വിദ്വേഷ പ്രചാരണം അനുവദിക്കില്ല. ഐസിസുമായി ബന്ധപ്പെട്ട ഒരു കാര്യം പോലും ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയിൽ ഉണ്ടായിരുന്നില്ല.'

വിഎസിന്റെ പ്രസ്താവനയാണ് രണ്ടാമത്തേത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള പ്രസ്താവനയായിരുന്നു അച്യുതാനന്ദന്റേത്. യുവാക്കളെ പണം വരെ കൊടുത്തു സ്വാധീനിച്ച് മതപരിവർത്തനം നടത്താൻ പോപുലർ ഫ്രണ്ട് ശ്രമിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിലും ഐസിസിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. 2010ലെ പ്രസ്താവനയ്ക്ക് ശേഷം 13 വർഷമായി. അക്കാലത്തുണ്ടായിരുന്ന അതേ സുരക്ഷിത സെക്യുലർ സംസ്ഥാനമാണ് കേരളം ഇപ്പോഴും.

ഫാതിമയെ കുറിച്ചുള്ള വാർത്ത റാഠി വിശദീകരിക്കന്നത് ഇപ്രകാരമാണ്;

'ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്ന നാല് കേരള യുവതികളെ തിരിച്ചുവരാൻ ഇന്ത്യ അനുവദിച്ചേക്കില്ല എന്ന 2021 ജൂണിലെ റിപ്പോർട്ടായിരുന്നു ഇത്. നിമിഷ ഫാതിമ എന്ന ഫാതിമ ഇസ, സോണിയ സെബാസ്റ്റിയൻ എന്ന ആയിഷ, റഫീല, മെറിൻ ജേക്കബ് എന്ന മറിയം എന്നിവരാണ് ഐസിസിൽ ചേർന്നത് ആ റിപ്പോർട്ടിൽ പറയുന്നു. ഭർത്താക്കന്മാർക്കൊപ്പമാണ് ഇവർ ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നത് എന്നായിരുന്നു റിപ്പോർട്ട്.

2016ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുറത്തിറക്കിയ 20 മോസ്റ്റ് വാണ്ടഡ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പട്ടികയിൽ നാലു പെൺകുട്ടികളുടെ പേരുമുണ്ടായിരുന്നു. ഇതു കൂടാതെ രണ്ട് പെൺകുട്ടികളും പട്ടികയിലുണ്ടായിരുന്നു- അജ്മാലയും ഷംസിയയും. രണ്ടു പേരുടെയും ഭർത്താക്കന്മാർ ബന്ധുക്കളായിരുന്നു. ഐസിസിൽ ചേർന്ന ആറ് യുവതികളിൽ മൂന്നു പേർ നേരത്തെ തന്നെ മുസ്‌ലിംകളായിരുന്നു- റഫീല, അജ്മാല, ഷംസിയ എന്നിവർ. ക്രിസ്തു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്നവർ രണ്ടു പേർ, സോണിയയും മെറിനും. ഒരാൾ (നിമിഷ) ഹിന്ദുമതത്തിൽനിന്നും.

നിമിഷയുടെ ഭർത്താവ് ഈസ നേരത്തെ ക്രിസ്തുമത വിശ്വാസിയായിരുന്നു. ബെക്‌സൺ വിൻസെന്റ് എന്നായിരുന്നു പേര്. ബെക്‌സന്റെ സഹോദരൻ ബെസ്റ്റിനും മതം മാറി. ഒരാളുടെ ഭർത്താവ് ഇയാളായിരുന്നു. നിമിഷയുടെയും സോണിയയുടെയും റഫീലയുടെയും വീഡിയോ ഇന്റർവ്യൂ യൂ ട്യൂബിൽ ലഭ്യമാണ്. 2020 ലെ ഇന്റർവ്യൂ അവർ എത്രമാത്രം ബ്രയിൻവാഷ് ചെയ്യപ്പെട്ടു എന്ന് കാണിച്ചു തരുന്നുണ്ട്. കേരള സ്റ്റോറിയിലെ കഥാപാത്രം നിരന്തരം അനുതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.'

ഐസിസിൽ ചേർന്ന ഇന്ത്യക്കാരെ കുറിച്ച് വീഡിയോ വിശദമായി പ്രതിപാദിക്കുന്നു.

61 ഇന്ത്യക്കാർ (26 പുരുഷന്മാർ, 13 സ്ത്രീകൾ, 21 കുട്ടികൾ) ഐസിസിൽ ചേർന്നതായാണ് എൻഐഎ 2016ൽ വെളിപ്പെടുത്തിയിരുന്നത്. 2016 മെയിൽ നൻഗർഹാറിലാണ് ആദ്യ സംഘമെത്തിയത്. അവസാന സംഘമെത്തിയത് 2018 നവംബറിലും. 2016 നവംബർ മുതൽ 24 പേർ കൊല്ലപ്പെട്ടതായും എൻഐഎ പറയുന്നു. ഡാർക് വെബ് ഉപയോഗിച്ചാണ് ഐസിസ് പ്രവർത്തിക്കുന്നതെന്ന് 2019ൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പറഞ്ഞിരുന്നു.

32000 പേർ ഐസിസിൽ ചേർന്നു എന്നാണ് സിനിമ പറയുന്നത്. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കൗണ്ടർ ടെററിസം ഓഫീസ് അണ്ടർ സെക്രട്ടറി വ്‌ളാദിമിർ വൊറോങ്കോവ് പറയുന്നതു പ്രകാരം, 110 രാഷ്ട്രങ്ങളിൽനിന്ന് 40,000 വിദേശ തീവ്രവാദികളാണ് സിറിയയിലെയും ഇറാഖിലെയും സംഘർഷ പ്രദേശങ്ങളിലെത്തിയിട്ടുള്ളത്. ലണ്ടൻ കിങ്‌സ് കോളജ് ആസ്ഥാനമായ ഐസിഎസ്ആർ (ഇന്റർനാഷണൽ സെന്റർ ഫോർ ദ സ്റ്റഡി റാഡിക്കലൈസേഷൻ) പറയുന്നതു പ്രകാരം ഐസിസിലെത്തിയത് 80 രാഷ്ട്രങ്ങളിൽ നിന്ന് 41490 ആളുകളാണ്. ഇതിൽ 32,879 പുരുഷന്മാരും 4760 സ്ത്രീകളും 4640 കുട്ടികളുമുണ്ട്.

ഇതിൽ ഇന്ത്യയിൽനിന്ന് എത്ര പേരുണ്ട്. 2020ലെ പെന്റഗൺ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് 160 പേർ ഐസിസ് കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. എൻഐഎ വിവരങ്ങൾ ഉദ്ധരിച്ചാണ് പെന്റഗൺ റിപ്പോർട്ട്. ആകെ 34 കേസുകൾ. 2019ൽ ഇതുമായി ബന്ധപ്പെട്ട് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ ആകെ 180-200 ഐസിസ് കേസുകളിൽ 40 എണ്ണം കേരളത്തിലാണ് എന്നായിരുന്നു ഫൗണ്ടേഷൻ റിപ്പോർട്ട്.

2020ൽ പെന്റഗൺ പ്രസിദ്ധീകരിച്ച കൺട്രി റിപ്പോർട്‌സ് ഓൺ ടെററിസം പ്രകാരം 66 ഇന്ത്യൻ വംശജർ മാത്രമാണ് ഐസിസിൽ ചേർന്നിട്ടുള്ളത്. ഇതിൽ എത്ര സ്ത്രീകളുണ്ട്. 13 പേർ മാത്രം. കേരളത്തിൽ നിന്ന് ആറു പേരും. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്ത് ഐസിസിലേക്ക് പോയത് മൂന്നു പേരും. ഇതിൽ രണ്ടു പേർ ക്രിസ്ത്യനും ഒരാൾ ഹിന്ദുവും. അതു കൊണ്ടു തന്നെ 32000 പേർ മതം മാറി ഐസിസിലേക്ക് പോയി എന്നത് വലിയ കള്ളമാണ്.

മൂന്നു പേർ മതം മാറിയത് വ്യക്തിപരമായ കേസുകൾ മാത്രമാണ്. അതിൽ ഗൂഢാലോചനയൊന്നുമില്ല. രണ്ടാമതായി, ഇതിനെ പൊതുവൽക്കരിക്കുന്നത് വിഡ്ഢിത്തമാണ്. ഇത്രയും പേർ മതം മാറി എന്ന ചോദ്യത്തിൽ നിന്ന് സംവിധായകൻ സുദിപ്‌തോ സെൻ ഒളിച്ചോടുകയാണ്.

യൂറോപ്യൻ യൂണിയനിൽ നിന്ന് ആയിക്കണക്കിന് പേർ ഐസിസിലേക്ക് പോയതായി റാഠി ചൂണ്ടിക്കാണിക്കുന്നു.

' മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസിന്റെ കണക്കു പ്രകാരം ഫ്രാൻസിൽനിന്ന് 1700ലേറെ ആളുകൾ ഐസിസിൽ ചേർന്നിട്ടുണ്ട്. ജർമനിയിൽനിന്ന് 760 പേർ. അത്രയും പേർ യുകെയിൽ നിന്ന്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽനിന്ന് ഏഴായിരത്തിലേറെ പേർ. നാലു ലക്ഷം ജനസംഖ്യയുള്ള മാലിദ്വീപിൽ (173) നിന്നുള്ളതിനേക്കാൾ കുറവ് ആളുകളാണ് ഇന്ത്യയിൽനിന്ന് ഐസിസിലേക്ക് പോയിട്ടുള്ളത്.'

ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയ്ക്കാൻ സഹായകമായത് രണ്ടു കാര്യങ്ങളാണെന്ന് റാഠി പറയുന്നു. ഒന്ന്, രഹസ്യാന്വേഷണ സംഘമായ എൻഐഎയുടെയും ഐബിയുടെയും ഡീ റാഡിക്കലൈസേഷൻ പദ്ധതി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നല്ല കാര്യം പറയാതെ, ഈ കള്ളസിനിമയ്ക്ക് പ്രചാരം നൽകുകയാണ് ചെയ്തത്. മറ്റു സമുദായങ്ങളുമായി ഇടകലർന്നു ജീവിക്കുന്ന വൈവിധ്യ സംസ്‌കാരമാണ് രണ്ടാമത്തേതെന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ തൽമീസ് അഹ്‌മദിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടി റാഠി വ്യക്തമാക്കുന്നു.

24 മണിക്കൂറിനുള്ളിൽ എഴുപത് ലക്ഷത്തോളം പേരാണ് വീഡിയോ യൂട്യൂബിൽ കണ്ടത്. ഒരു ലക്ഷത്തിലേറെ പേർ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.








TAGS :

Next Story