Quantcast

ഖുശ്ബു തമിഴ്നാട് ബിജെപി ഉപാധ്യക്ഷ; നടൻ വിജയിന് സഖ്യത്തിലേക്ക് ക്ഷണം

മണ്ഡലങ്ങളിലുടനീളം ബൂത്ത് തല സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതിനാണ് അടിയന്തര മുൻഗണനയെന്ന് ഖുശ്ബു

MediaOne Logo

Web Desk

  • Published:

    31 July 2025 12:54 PM IST

ഖുശ്ബു തമിഴ്നാട് ബിജെപി ഉപാധ്യക്ഷ; നടൻ വിജയിന് സഖ്യത്തിലേക്ക് ക്ഷണം
X

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി നിയമിച്ചു. നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുശ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്. പുതിയ പദവിയിൽ താൻ തികച്ചു ആഹ്ളാദവതിയാണെന്നും സന്തോഷത്തിലാണെന്നും നടി പറഞ്ഞു നേതൃത്വം തന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രൻ എന്നിവര്‍ക്കും ഖുശ്ബു നന്ദി പറഞ്ഞു. "ബിജെപി പോലുള്ള ഒരു പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാകാൻ ഞാൻ യോഗ്യയാണെന്ന് കരുതിയതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി ബി.എൽ സന്തോഷ് ജിക്കും തീർച്ചയായും സംസ്ഥാന പ്രസിഡന്‍റ് നൈനാർ നാഗേന്ദ്രനും എന്‍റെ ഹൃദയംഗമമായ നന്ദി," അവർ പറഞ്ഞു.

മണ്ഡലങ്ങളിലുടനീളം ബൂത്ത് തല സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതിനാണ് അടിയന്തര മുൻഗണനയെന്ന് ഖുശ്ബു ഇന്ത്യാ ടുഡേയോട് പറഞ്ഞു. ദക്ഷിണ ചെന്നൈക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുമെന്നും ഇപ്പോൾ നാല് വൈസ് പ്രസിഡന്‍റുമാരുടെ മേൽനോട്ടത്തിലാണ് ഇതെന്നും അവര്‍ വിശദീകരിച്ചു. "നമ്മൾ കഴിയുന്നത്ര ജനങ്ങളിലേക്കും പൊതുജനങ്ങളിലേക്കും വോട്ടർമാരിലേക്കും എത്തിച്ചേരണം - വീടുതോറുമുള്ള പ്രചാരണത്തിലൂടെയും വോട്ടർമാരെ നേരിട്ട് കണ്ട് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുക, അവർ രാജ്യത്തിന് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, തമിഴ്‌നാട്ടിലെ വോട്ടർമാരുടെ ജീവിതശൈലിയും ജീവിതവും നമുക്ക് എങ്ങനെ ഉയർത്താൻ കഴിയും എന്നതിനെക്കുറിച്ചും." ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

എഐഎഡിഎംകെയുമായുള്ള ബിജെപിയുടെ സഖ്യത്തെക്കുറിച്ചും നടി പരാമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ പോലുള്ള പാര്‍ട്ടി ഞങ്ങളോടൊപ്പം ഉള്ളതില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു വ്യക്തമാക്കി. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഖ്യ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഖുശ്ബു, വിജയിനോട് എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാകാനും അഭ്യര്‍ഥിച്ചു. 'ഇളയ സഹോദരനെ പോലയാണ് എനിക്ക് വിജയ്. ഡിഎംകെയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നാമെല്ലാവരും ഒന്നിക്കണമെന്ന് ഞാന്‍ കരുതുന്നു. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്‍റെ തെറ്റുകള്‍ നിരന്തരം ഉന്നയിക്കുന്നു, അതിനാല്‍ ടിവികെ ബിജെപിയുമായും എഐഎഡിഎംകെയുമായും കൈകോര്‍ക്കുന്നത് വളരെ ബുദ്ധിപരമായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു.' ഖുശ്ബു പറഞ്ഞു. പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും താൻ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും വളരെയധികം നിർണായക പങ്ക് വഹിച്ചതിന് തമിഴ്‌നാട്ടിലെ പാർട്ടി ചുമതലക്കാരായ സുധാകർ റെഡ്ഡി, അരവിന്ദ് മേനോൻ എന്നിവരെക്കുറിച്ചും പരാമര്‍ശിച്ചു.

ഖുശ്ബുവിനെ കൂടാതെ ശശികല പുഷ്പ, എം ചക്രവർത്തി, വി പി ദുരൈസാമി, കരു നാഗരാജൻ, പി കനഗസബപതി, ആർ സി പോൾ കനകരാജ് എന്നിവരുൾപ്പെടെ 14 സംസ്ഥാന വൈസ് പ്രസിഡന്‍റുമാരെയാണ് പാർട്ടി പ്രഖ്യാപിച്ചത്. കേശവ വിനായകനെ ബിജെപി തമിഴ്‌നാട് ജനറൽ സെക്രട്ടറിയായി (ഓർഗനൈസേഷൻ) നിയമിച്ചു. വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതിയെ വക്താവായും നിയമിച്ചു.

ഖുശ്ബു മുൻപ് ദേശീയ വനിതാ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിരുന്നുവെങ്കിലും പിന്നീട് രാജിവച്ചു. 2021-ൽ, തൗസൻഡ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

TAGS :

Next Story