കൊൽക്കത്ത ബലാത്സംഗക്കേസ്: കൊലയാളിയിലേക്ക് പൊലീസിനെ എത്തിച്ചത് ഒരു ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്
അരമണിക്കൂറിനുള്ളിൽ ഒരാൾ ഒറ്റയ്ക്ക് ഇത്ര ക്രൂരമായി എങ്ങനെയാണ് ഒരു ഡോക്ടറെ ആക്രമിച്ചത്, ഇത്രനേരം ഉപദ്രവിച്ചിട്ടും ഒരു നിലവിളി പോലും ആ കെട്ടിടത്തിലുള്ളവർ കേട്ടില്ലേ....

2025 ജനുവരി 20... രാജ്യത്തെ സംബന്ധിച്ച് ഒരു സാധാരണ ദിവസമല്ല... രണ്ട് സുപ്രധാന കേസുകളിൽ അന്തിമ വിധി വന്ന ദിവസം... അതിൽ ഒരു കേസ് കേരളത്തിലും മറ്റൊന്ന് വെസ്റ്റ് ബംഗാളിലും... ഒന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിൽ മറ്റൊരു കേസ് അന്താരാഷ്ട്ര തലത്തിലും ചർച്ചയായ ഒന്നാണ്... തിരുവനന്തപുരം പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ, ഉറപ്പായും തൂക്കുകയർ കിട്ടുമെന്ന് പ്രതീക്ഷിച്ച രണ്ടാമത്തെ കേസിൽ പക്ഷേ ജീവപര്യന്തമായിരുന്നു കോടതിവിധി. രാജ്യത്തെ പിടിച്ചുകുലുക്കിയ കൊൽക്കത്ത ആർജി കർ പീഡനക്കേസിനെ കുറിച്ചാണ്...
2024 ഓഗസ്റ്റിൽ ഉത്തരാഖണ്ഡ് അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന് ഒരു നഴ്സിന്റെ മൃതദേഹം കണ്ടെത്തുന്നു. ജൂലൈ 30ന് രാത്രി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ അവർ പിന്നീട് വീട്ടിലെത്തിയിരുന്നില്ല. അവരുടെ 11 വയസ് മാത്രം പ്രായമുള്ള മകൾ വീട്ടിൽ അക്ഷമയോടെ അമ്മയെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ഈ നഴ്സിന്റെ സഹോദരി പോലീസ് സ്റ്റേഷനിൽ ഒരു മിസ്സിംഗ് കേസ് ഫയൽ ചെയ്യുന്നു. അന്വേഷണത്തിനൊടുവിൽ നഴ്സിന്റെ മൃതദേഹം കണ്ടെടുക്കുന്നു. വളരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തിൽ കെട്ടിയിരുന്ന സ്‌കാർഫ് കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഈ സംഭവം പതിവ് പോലെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.. സ്ത്രീ സുരക്ഷയെ കുറിച്ച് ഘോരഘോരം പ്രസംഗങ്ങൾ ഉയർന്നു... എന്നാൽ, ആ കൊലപതാകച്ചൂട് ആറുന്നതിന് മുൻപ് തൊട്ടടുത്ത ദിവസം രാജ്യമനസാക്ഷിയെ ഞെട്ടിച്ച് വെസ്റ്റ് ബംഗാളിൽ നിന്നൊരു ന്യൂസ് പുറത്തുവരുന്നു...
2024 ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ജൂനിയർ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹോളിൽ അതിക്രൂരമായ നിലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തലേദിവസം ജോലിക്ക് കയറിയ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയായ ഡോക്ടറുടെ മൃതദേഹം അർധനഗ്‌നമായ നിലയിലാണ് പിറ്റേദിവസം കണ്ടെത്തുന്നത്.
36 മണിക്കൂർ നീണ്ട ഡ്യൂട്ടിക്ക് ശേഷം അൽപ്പനേരം വിശ്രമിക്കാനായി സെമിനാർ ഹോളിലേക്ക് എത്തിയതായിരുന്നു അവർ. പുലർച്ചെ രണ്ടുമണിക്ക് സഹപ്രവർത്തകർക്കൊപ്പം അത്താഴം കഴിച്ചു. സെമിനാർ ഹോളിൽ അഞ്ച് ഡോക്ടർമാർ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. അന്നത്തെ ദിവസത്തെ ഡ്യൂട്ടിയെ കുറിച്ചും മറ്റും അവർ സംസാരിക്കുന്നുണ്ടായിരിക്കുന്നു. കൂടെയുള്ളവർ ഒളിമ്പിക്സ് ജാവലിൻ ത്രോ മത്സരം കാണാനിരുന്ന ശേഷം സെമിനാർ ഹാളിൽ നിന്ന് മടങ്ങി. പഠിക്കാനും വിശ്രമിക്കാനുമായി ഈ ഡോക്ടർ അവിടെ തന്നെ തുടർന്നു. ആശുപത്രിയിൽ ഡോക്ടർമാർക്ക് വിശ്രമിക്കാൻ പ്രത്യേക മുറിയൊന്നും ഉണ്ടായിരുന്നില്ല, ഈ സെമിനാർ ഹാളിലെ ബെഞ്ചിൽ തല ചായ്ച്ചാണ് അവർ ഉറങ്ങിയിരുന്നത്.
ഓഗസ്റ്റ് ഒൻപത്, രാവിലെ ഏകദേശം 9.30 മണിയോടെയാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. തറയിൽ അർധനഗ്‌നയായ നിലയിലായിരുന്നു... കണ്ണുകളും വായും ജനനേന്ദ്രിയവും ചോരയൊലിക്കുന്ന നിലയിലും... ഏതൊരു സാധാരണ മനുഷ്യനും ഒറ്റനോട്ടത്തിൽ അതിക്രൂരമായ കൊലപാതകമെന്ന് വ്യക്തമാകുന്ന തരത്തിൽ തന്നെയായിരുന്നു ആ യുവഡോക്ടറുടെ മൃതദേഹം. എന്നിട്ടും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മാതാപിതാക്കളെ വിളിച്ചറിയിച്ചത് ഡോക്ടർ ആത്മഹത്യ ചെയ്തു എന്നാണ്.
അന്നേ ദിവസം തന്നെ ഡോക്ടറുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ പുറത്തുവന്ന നാലുപേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത കൊടുംക്രൂരതകളായിരുന്നു ഉണ്ടായിരുന്നത്. തല മുതൽ കാലുവരെ ആഴത്തിലുള്ള നിരവധി മുറിവുകൾ. കണ്ണുകളിൽനിന്നും വായിൽനിന്നും രക്തം പുറത്തേക്ക് വന്നുകൊണ്ടിരുന്ന മൃതദേഹത്തിന്റെ ജനനേന്ദ്രിയത്തിലും, ചുണ്ടുകളിലും, ഇടതു കാൽ, വലതു കൈ, മോതിരവിരൽ, കഴുത്ത്, മുഖം എന്നിവിടങ്ങളിലും മാരകമായ പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടെ മുഖത്തുണ്ടായ പോറലുകൾ കുറ്റവാളിയുടെ നഖങ്ങൾ മൂലമാകാമെന്നും റിപ്പോർട്ടിലുണ്ട്. വായ പൊത്തിപ്പിടിച്ച് തൊണ്ട അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. തൈറോയ്ഡ് തരുണാസ്ഥി ഒടിഞ്ഞതായും ജനനേന്ദ്രിയത്തിലെ മുറിവുകൾ വികൃതമായ ലൈംഗിക ആക്രമണത്തെയാണ് വ്യക്തമാക്കുന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഡോക്ടറുടെ വെജൈനൽ സ്വാബിൽ നിന്ന് 150 മില്ലിഗ്രാം സെമൻ കണ്ടെത്തിയതും ഞെട്ടിക്കുന്നതായിരുന്നു. പ്രതി ഒരാളായിരിക്കില്ല എന്ന സംശയത്തിലേക്കും ഇത് നയിച്ചു. ഈ കണ്ടെത്തലുകളും പേരുകളുടെ വ്യാപ്തിയും കൂട്ടബലാത്സംഗത്തിലേക്കാണ് വിരൽചൂണ്ടിയത്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൃത്യം നടന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത പൊലീസ് വ്യക്തമാക്കി.
യുവതിക്കൊപ്പം വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് ഡോക്ടർമാരേയും സെമിനാർ ഹോൾ പരിസരത്തുണ്ടായിരുന്ന നഴ്സുമാരെയും ഒപ്പം സഞ്ജയ് റോയ് എന്ന സിവിക് വോളന്റിയറെയും പോലീസ് ചോദ്യംചെയ്തു. എല്ലാവരും എന്തിനാണ് വന്നത്, എപ്പോൾ വന്നു.. മടങ്ങിയ സമയം അടക്കം കൃത്യമായ വിവരങ്ങൾ നൽകിയപ്പോൾ സഞ്ജയ് റോയുടെ മൊഴിയിൽ മാത്രം വൈരുധ്യം. പരസ്പര ബന്ധമില്ലാത്ത മൊഴികൾ നൽകിയതോടെ സംശയം ഇയാളിലേക്ക് നീണ്ടു. ഇയാളെ ശനിയാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിർണായകമായത് സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ഒരു ബ്ലൂടുത്ത് ഹെഡ്സെറ്റാണ്. ഇത് സഞ്ജയ് റോയുടെ ഫോണിൽ കണക്ട് ആയതോടെ പൊലീസ് പ്രതിയെ ഉറപ്പിച്ചു. ആദ്യത്തെ ചോദ്യംചെയ്യലിൽ തന്നെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
കൊൽക്കത്ത പോലീസ് ദുരന്തനിവാരണ സേനയിലെ സിവിക് വോളന്റിയർ ആയിരുന്നു സഞ്ജയ് റോയ്. പിന്നീട് പോലീസ് വെൽഫെയർ സെല്ലിന്റെ കീഴിൽ വൊളന്റിയറായി ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുക, അവർക്ക് കിടക്കാനുള്ള ബെഡ് ശരിപ്പെടുത്തിക്കൊടുക്കുക ഇങ്ങനെയുള്ള കാര്യങ്ങളാണ് സിവിക് വോളന്റിയർമാർ ചെയ്തുപോന്നിരുന്നത്. ഒരു സേവനമെന്ന നിലയിലാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെങ്കിലും എല്ലാ മാസവും ഒരു തുക കൊൽക്കത്ത പോലീസ് ഇവർക്ക് നൽകിയിരുന്നു. ഇത് പോരാതെ ചെയ്യുന്ന കാര്യങ്ങൾക്ക് രോഗികളുടെ ബന്ധുക്കളിൽ നിന്ന് സഞ്ജയ് റോയ് കൃത്യമായി കൈക്കൂലി വാങ്ങുകയും ചെയ്തു.
2019 മുതൽ ആർ.ജി. കർ മെഡിക്കൽ മെഡിക്കൽ കോളേജിലെ പോലീസ് ഔട്ട്‌പോസ്റ്റിൽ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ആശുപത്രിയിൽ എവിടെയും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇയാൾക്കുണ്ടായിരുന്നു. പൊലീസ് എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. കൊൽക്കത്ത പോലീസ് എന്നെഴുതിയ ടീ ഷർട്ടും ധരിച്ച് ആശുപത്രിയിൽ എങ്ങും ഇയാൾ ചുറ്റിനടന്നിരുന്നു. തന്റെ ബൈക്കിലും പൊലീസ് എന്നെഴുതിയ ഒരു സ്റ്റിക്കർ പതിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പോലും ഇയാളെ ചോദ്യം ചെയ്യാൻ ഭയമായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ പ്രതി ആശുപത്രി പരിസരത്തുണ്ടായിരുന്നു. സഹായം ചെയ്ത് കൊടുത്തതിന് പകരമായി ഒരു രോഗിയുടെ ബന്ധു മദ്യം ഓഫർ ചെയ്തിരുന്നു. മെഡിക്കൽ കോളേജിന് പുറകുവശത്തിരുന്ന് ഇയാൾ മദ്യപിച്ചു. മദ്യലഹരിയിൽ ആയിരുന്നിട്ടും വീണ്ടും മദ്യപിക്കുകയായിരുന്നു. ലക്ക് കെട്ട് പുലർച്ചെ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് കടന്നു. ഈ സമയമാണ് സെമിനാർ ഹോളിൽ വിശ്രമിക്കുകയായിരുന്ന ഡോക്ടറെ കണ്ണിൽപെടുന്നതും ആക്രമിക്കുന്നതും.
സിസിടിവി ദൃശ്യങ്ങളിൽ ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നതായി വ്യക്തമായി. നാല് മണിയോടെ ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, പക്ഷേ തിരികെപോകുമ്പോൾ ചെവിയിൽ ഹെഡ്‌സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ പ്രതി പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിറയെ അശ്ളീല വീഡിയോകളാണ് കണ്ടെടുത്തത്. മുൻപും ആശുപത്രിയിലെ വനിതാ ജീവനക്കാരോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ട്. നാലുഭാര്യമാരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ ഉപേക്ഷിച്ചുപോയി... സഞ്ജയ് റോയുടെ ലൈംഗിക വൈകൃതങ്ങൾ കാരണമാണ് ഭാര്യമാർ ഉപേക്ഷിച്ചതെന്നും ബംഗാൾ മാധ്യമങ്ങളിൽ അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം തെളിവുനശിപ്പിക്കാനായിരുന്നു ശ്രമം. കൊലയ്ക്ക് ശേഷം താമസസ്ഥലത്തെത്തിയ പ്രതി വെള്ളിയാഴ്ച രാവിലെ കിടന്നുറങ്ങി. എഴുന്നേറ്റ ശേഷം കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കി. എന്നാൽ, ഇയാൾ ധരിച്ചിരുന്ന ഷൂവിൽ രക്തക്കറ അവശേഷിച്ചിരുന്നു. വീട്ടിൽ നടത്തിയ തിരച്ചിലിൽ ഷൂ കണ്ടെടുത്തതും നിർണായകമായി.
ചോദ്യംചെയ്യലിൽ യാതൊരു ഭാവവ്യത്യാസവും പ്രതി പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് വിവരിക്കുമ്പോഴും ഒരു അസ്വസ്ഥതയോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ല. തൂക്കികൊല്ലുന്നെങ്കിൽ കൊല്ലൂ എന്ന് ഇയാൾ പോലീസുകാരോട് ആക്രോശിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോക്ടർ ഓഫ് മെഡിസിൻ പരീക്ഷയിൽ സ്വർണ മെഡലോടെ ഒന്നാം റാങ്ക് നേടണമെന്ന് സ്വപ്നം കണ്ട് അത് ഡയറിയിൽ കുറിച്ചുവെച്ച് ഉറങ്ങാൻ കിടന്ന മകളെ ആ മാതാപിതാക്കൾക്ക് പിന്നീട് ജീവനോടെ കാണാനായിട്ടില്ല. മകൾ കുറിച്ചുവെച്ച ഡയറിയുമായി പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ നിന്നു. പരീക്ഷയിൽ ഒന്നാമതായി സ്വർണമെഡൽ നേടാനായിരുന്നു അവളുടെ ആഗ്രഹം.. ദിവസം 12 മണിക്കൂറോളം പഠനത്തിനായി ചെലവഴിച്ചിരുന്ന കുട്ടിയാണ്. മകളെ ഒരു ഡോക്ടർ ആയി കാണാൻ കുടുംബവും ഒരുപാട് പ്രയാസങ്ങൾ സഹിച്ചു.
കേസിൽ സത്യം മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായി പിതാവ് തുടക്കം മുതൽ തന്നെ ആരോപിച്ചിരുന്നു. കുട്ടി ആത്മഹത്യ ചെയ്തെന്നാണ് ആദ്യം വിളിച്ചുപറയുന്നത്. ആശുപത്രിയിലെത്തിയ തങ്ങളെ ആദ്യം മൃതദേഹം കാണിക്കാൻ തയ്യാറായില്ലെന്നും ഉച്ചയ്ക്കാണ് മൃതദേഹം കാണാൻ സമ്മതിച്ചതെന്നും ഡോക്ടറുടെ അമ്മ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.
അരമണിക്കൂറിനുള്ളിൽ ഒരാൾ ഒറ്റയ്ക്ക് ഇത്ര ക്രൂരമായി എങ്ങനെയാണ് ഒരു ഡോക്ടറെ ആക്രമിച്ചത്, ഇത്രനേരം ഉപദ്രവിച്ചിട്ടും ഒരു നിലവിളി പോലും ആ കെട്ടിടത്തിലുള്ളവർ കേട്ടില്ലേ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും അഭ്യൂഹങ്ങളും തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു.
സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകുമോ എന്ന സംശയം സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയായി. കേസിൽ രാഷ്ട്രീയക്കാരുടെ മക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരൊക്കെ രാജ്യം വിട്ടെന്നുമടക്കമുള്ള ആരോപണങ്ങളും പിന്നാലെ വന്നുതുടങ്ങി. ഇതിനിടെ കോളേജ് പ്രിൻസിപ്പൽ സന്ദീപ് കുമാർ ഘോഷും കേസിൽ ഉൾപ്പെട്ടു. കൊലപാതകവിവരം അറിഞ്ഞ പ്രിൻസിപ്പൽ ആദ്യം ചോദിച്ചത് പുലർച്ചെ രണ്ടുമണിക്ക് എന്തിനാണ് ഡോക്ടർ സെമിനാർ ഹോളിലേക്ക് പോയത് എന്നായിരുന്നു.
കൊൽക്കത്ത പൊലീസിന്റെ അന്വേഷണം കാര്യക്ഷമല്ലെന്ന കുടുംബത്തിന്റെ ആരോപണങ്ങൾ കൂടി കണക്കിലെടുത്ത് കേസ് പിന്നീട് സിബിഐക്ക് കൈമാറിയിരുന്നു. പ്രതിക്കും കോളേജിലെ മുൻ പ്രിൻസിപ്പലിനും പോളിഗ്രാഫ് പരിശോധന നടത്താൻ പ്രത്യേക സിബിഐ കോടതി അനുമതി നൽകുകയും ചെയ്തു. ഓഗസ്റ്റ് 25ന് സന്ദീപ് കുമാർ ഘോഷിന്റെയും മുൻ മെഡിക്കൽ സൂപ്രണ്ടും കോളേജ് വൈസ് പ്രിൻസിപ്പലുമായ സഞ്ജയ് വസിഷ്ഠിന്റെയും വീട്ടിൽ സിബിഐ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾക്കും അഴിമതിക്കും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട്, ആശുപത്രി ഭരണകൂടത്തിന്റെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഈ ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനാകണം ഡോക്ടറുടെ കൊലപാതകം പരമാവധി മറച്ചുപിടിക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചത്. എഫ്ഐആർ ഫയൽ ചെയ്യുന്നത് വൈകിപ്പിച്ചതിനും കേസിലെ പ്രധാന തെളിവുകൾ തെറ്റായി കൈകാര്യം ചെയ്തതിനും പ്രിൻസിപ്പലിനെതിരെ കേസെടുത്തിരുന്നു.
സുരക്ഷിതമെന്ന് കരുതുന്ന ഒരു തൊഴിലിടത്തിൽവെച്ച് പീഡനത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ടത് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി. വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സാധാരണ വീട്ടമ്മമാരും വരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആർജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അത്യാഹിതവിഭാഗത്തിൽ ഒഴികെ പണിമുടക്കിയിരുന്നു. 'സുരക്ഷ ഇല്ലെങ്കിൽ സേവനവും ഇല്ല' എന്ന മുദ്രാവാക്യം ഉയർത്തി രാജ്യമെങ്ങും ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കി. ആഗസ്റ്റ് 15ന് ആർ.ജി. കർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ജനക്കൂട്ടം അടിച്ച് തകർത്തിരുന്നു.
ഓഗസ്റ്റ് 13 ന് മഹാരാഷ്ട്രയിലെ 8,000 ത്തിലധികം ഡോക്ടർമാർ അടിയന്തര സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്തിവച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ ലാത്തിചാർജും കണ്ണീർ വാതക പ്രയോഗവുമുണ്ടായി. സുപ്രീം കോടതിയുടെ അപ്പീലിനെത്തുടർന്ന് ഓഗസ്റ്റ് 22 ന് എയിംസ് ഡൽഹി, ആർഎംഎൽ ആശുപത്രി, ഇന്ത്യയിലുടനീളമുള്ള മറ്റ് പൊതു ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും കോടതിയുടെ ഉറപ്പ് അവഗണിച്ച് പശ്ചിമ ബംഗാളിലെ ഡോക്ടർമാർ സമരം തുടർന്നു. ബോളിവുഡ് താരങ്ങൾ അടക്കം നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ കാമ്പയിനുകളിൽ പങ്കാളികളായി. യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യക്കാരും പ്രതിഷേധമുയർത്തി രംഗത്തുവന്നിരുന്നു.
കൊൽക്കത്ത ഹൈക്കോടതിയാണ് സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റേത് ഉൾപ്പെടെ അഞ്ച് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ച ശേഷമായിരുന്നു ഉത്തരവ്. കേസിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. കേസിൽ കോളേജ് പ്രിൻസിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കൊലപാതകത്തിനുശേഷം രാജിവെച്ച സന്ദീപ് ഘോഷ് മണിക്കൂറുകൾക്കുശേഷം മറ്റൊരു കോളേജിലെ പ്രിൻസിപ്പലായി നിയമിതനായത് എങ്ങനെയാണെന്നും സർക്കാർ അഭിഭാഷകനോട് ചോദിച്ചിരുന്നു.
ഓഗസ്റ്റ് 13ന് സി.ബി.ഐ ഏറ്റെടുത്ത കേസിൽ അന്വേഷണം വളരെ വേഗത്തിലാണ് നീങ്ങിയത്. ശിക്ഷയും റെക്കോർഡ് വേഗത്തിൽ തന്നെയായിരുന്നു. നവംബർ 11 മുതൽ അടച്ചിട്ട കോടതിമുറിയിൽ നടന്നുവന്ന വിചാരണയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവടക്കം അൻപതോളം സാക്ഷികളെ വിസ്തരിച്ചു. സഞ്ജയ് റോയിക്കെതിരെ ഫോറൻസിക് തെളിവുകൾ നിരത്തി സിബിഐ ഒക്ടോബറിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 11 നിർണായക തെളിവുകളാണ് ഉൾപ്പെടുത്തിയിരുന്നത്.
തെളിവുകളെല്ലാം പ്രതി മാത്രമാണ് കുറ്റക്കാരൻ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യതയും തള്ളിക്കളഞ്ഞിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽനിന്ന് സഞ്ജയുടെ ഡിഎൻഎ സാമ്പിളുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പെൺകുട്ടിയുടെ മൃതശരീരത്തിൽനിന്ന് കണ്ടെത്തിയ ഉമിനീരും സഞ്ജയുടേതാണ്. കൃത്യം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മുടിയും കണ്ടെടുത്തിട്ടുണ്ട്.
വിചാരണക്കിടെ മുൻ പോലീസ് കമ്മീഷണർ വിനീത് ഗോയലിനെതിരേ ആരോപണവുമായി പ്രതി സഞ്ജീവ് റോയ് രംഗത്തെത്തിയിരുന്നു. തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിറകിൽ വിനീത് ഗോയലടക്കം മറ്റ് ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നുമാണ് പ്രതി മാധ്യമങ്ങളോട് പറഞ്ഞത്. ഒടുവിൽ കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ആജീവനാന്ത ജീവപര്യന്തം വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്നാണ് കോടതി പറഞ്ഞത്. സഞ്ജയുടെ കുടുംബം ഒരു പ്രതികരണവും നടത്തിയില്ല. ഒരു പെൺകുട്ടിയോട് തന്റെ മകൻ അത്രയും ക്രൂരത ചെയ്തിട്ടുണ്ടെങ്കിൽ അവനു തൂക്കുകയർ കിട്ടിയാലും വിഷമമില്ലെന്ന് സഞ്ജയുടെ 'അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരിക്കൽ പോലും അയാളെ ജയിലിൽ കാണാനും കുടുംബാംഗങ്ങൾ എത്തിയിരുന്നില്ല.
സി.ബി.ഐ. അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന ഡോക്ടറുടെ കുടുംബം പ്രതീക്ഷിച്ചിരുന്നത് വധശിക്ഷ തന്നെയായിരുന്നു. നഷ്ടപരിഹാരം വേണ്ട, നീതിയാണ് വേണ്ടതെന്ന് അവർ ഉറക്കെ പറഞ്ഞു. മകളുടെ നഷ്ടത്തിന് പകരം ധനസഹായം വേണ്ടെന്നും ആ മാതാപിതാക്കൾ വ്യക്തമായി പറഞ്ഞിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് കുടുംബം. സിബിഐ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് സംസ്ഥാന സർക്കാർ അടക്കം ആരോപിച്ചിരുന്നു. ചെയ്ത ക്രൂരത കണക്കാക്കുമ്പോൾ വധശിക്ഷ വരെ നൽകേണ്ടതാണെന്ന് ജഡ്ജി അനിർബൻ ദാസ് വാക്കാലും നിരീക്ഷിച്ചിരുന്നു.
വിധിക്കെതിരെ പശ്ചിമബംഗാൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും ചെയ്‌തു. കോടതി വിധി നിരാശപ്പെടുത്തുന്നതാണെന്നും കുറ്റകൃത്യത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി ആ മാതാപിതാക്കൾ നിയമത്തിന് മുന്നിൽ വിശ്വാസമർപ്പിച്ച് നിൽക്കുകയാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതി ആരായാലും മാതൃകാപരമായ കടുത്തശിക്ഷ നൽകുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിക്കൂടെന്നും അടിയന്തര നടപടികൾ ഉണ്ടാകണെമന്നുമുള്ള അധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വായ്ത്താരി ഉയർന്നുകൊണ്ടേയിരിക്കുന്നു. ഡൽഹിയിൽ 12 വർഷംമുൻപൊരു ഡിസംബർ പതിനാറിനു നഗരമധ്യത്തിൽ, ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ യുവതിയെ ഓർമയില്ലേ... ' ആ പെണ്‍കുട്ടിയെ രാജ്യം ഭയമില്ലാത്തവള്‍ എന്നര്‍ഥമുള്ള 'നിര്‍ഭയ' എന്നാണ് വിളിച്ചിരുന്നത്. കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് അതേപേര് തന്നെ.... നിർഭയ 2 എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.
രാജ്യത്ത് ആരോഗ്യപ്രവർത്തകർ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം തന്റെ മരണത്തിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ആ ഡോക്ടർ ജീവൻവെടിഞ്ഞത്. രാജ്യത്തെ ഈ നിലവിളികൾ എന്ന് നിലക്കും... എന്നാണ് നിർഭയമാർക്ക് നിർഭയം ഈ രാജ്യത്ത് ജീവിക്കാനാവുക....?
Adjust Story Font
16

