'അതിക്രമത്തിന് ഇരയായത് റീൽ മേക്കർമാരല്ല, അംഗീകൃത മാധ്യമപ്രവർത്തകര്‍'; കേന്ദ്രത്തിന്‍റെയും ഡൽഹി പൊലീസിന്‍റെയും വാദങ്ങൾ തള്ളി കെയുഡബ്ള്യൂജെ
പ്രസ് കാർഡ് ധരിച്ചിട്ടും സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചിട്ടും പൊലീസ് കയ്യേറ്റം ചെയ്തെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു

ഡൽഹി: ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്രത്തിന്‍റെയും ഡൽഹി പൊലീസിന്‍റെയും വാദങ്ങൾ തള്ളി കേരള പത്രപ്രവർത്തക യൂണിയൻ. അതിക്രമത്തിന് ഇരയായത് റീൽ മേക്കർമാരല്ല, പ്രമുഖ മാധ്യമങ്ങളിലെ അംഗീകൃത മാധ്യമപ്രവർത്തകരെന്ന് കെയുഡബ്ള്യൂജെ.
പ്രസ് കാർഡ് ധരിച്ചിട്ടും സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചിട്ടും പൊലീസ് കയ്യേറ്റം ചെയ്തെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 24 ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ന്യൂസ് എന്നീ സ്ഥാപനങ്ങളിലെ ഏഴ് മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമം അക്കമിട്ട് നിരത്തി. വനിതാ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചു. പിബി അക്രഡിറ്റേഷൻ ഇല്ലാത്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെ തടയാനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
എതിർകക്ഷികളുടെ സത്യവാങ്മൂലം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നും കെയുഡബ്ള്യൂജെ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടിയില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി കെയുഡബ്ള്യൂജെ സെക്രട്ടറിയായിരിക്കെ സമർപ്പിച്ച ഹരജിയിൽ ഡോ.ഡി.ധനസുമോദ് ആണ് സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ചത്. അഡ്വ.ആൻ മാത്യു മുഖേനയാണ് സുപ്രിംകോടതിയിൽ മറുപടി നൽകിയത്.
ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. പ്രസ് കാർഡുകൾ കാണിച്ചിട്ടും മാധ്യമപ്രവർത്തകരെ ശാരീരികമായി തടഞ്ഞുവെക്കുകയും ബലമായി പിടിച്ചുകൊണ്ടുപോകുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി ഹരജിയിൽ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തത്സമയ വീഡിയോ റെക്കോർഡിങുകളും റിട്ട് ഹരജിയിൽ തെളിവായി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ, ബോഡി ക്യാമറ റെക്കോർഡിങുകൾ, ചിത്രങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, കസ്റ്റഡി രജിസ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഇലക്ട്രോണിക്, രേഖാമൂലമുള്ള തെളിവുകൾ എന്നിവ സൂക്ഷിച്ചുവെക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

