മരുമകളുടെ സഹോദരിക്ക് സീറ്റ്; മകന്‍റെ വിവാഹമോചനത്തിന് ലാലുവിന്‍റെ പ്രായശ്ചിത്തം
ഐശ്വര്യ റായിയുടെ പിതാവും മുൻപ് ലാലുവിന്‍റെ വലംകൈയുമായിരുന്ന ചന്ദ്രിക റായിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കരിഷ്മക്ക് ടിക്കറ്റ് നൽകിയത്

ലാലു പ്രസാദ് യാദവ് Photo| NDTV
പറ്റ്ന: മൂത്ത മകൻ തേജ് പ്രതാപ് യാദവിന്‍റെ വിവാഹമോചന കേസ് കാരണം മരുമകളുടെ കുടുംബത്തിനുണ്ടായ അപമാനത്തിന് പ്രായശ്ചിത്തം ചെയ്ത് ആര്‍ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മരുമകളുടെ സഹോദരിക്കു സീറ്റു നൽകി. തേജ് പ്രതാപുമായി വേർപിരിഞ്ഞ ഐശ്വര്യ റായിയുടെ സഹോദരി ഡോ. കരിഷ്മ റായിക്കാണു പാർസ മണ്ഡലത്തിൽ ആർജെഡി സീറ്റ് നൽകിയത്.
ഐശ്വര്യ റായിയുടെ പിതാവും മുൻപ് ലാലുവിന്‍റെ വലംകൈയുമായിരുന്ന ചന്ദ്രിക റായിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കരിഷ്മക്ക് ടിക്കറ്റ് നൽകിയത്. ജെഡിയുവിന്‍റെ ഛോട്ടേ ലാൽ റായിയെ നേരിടുന്ന ഡോ. കരിഷ്മ, ബിഹാറിലെ സിജിഎസ്ടി കമ്മീഷണറും ബിഹാറിലെ ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ നോഡൽ ഓഫീസറുമായ വിജയ് സിങ് യാദവിന്റെ ഭാര്യയാണ്. ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. “ഞങ്ങൾ ഇക്കാര്യം പരിശോധിച്ചുവരികയാണ്,” മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിനോദ് സിങ് ഗുഞ്ചിയാൽ വ്യാഴാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സരൺ ഡിവിഷനിൽ വലിയ സ്വാധീനമുള്ള ചന്ദ്രികയുടെ കുടുംബവുമായി ഒരു കാലത്ത് ലാലുവിന് വലിയ അടുപ്പമുണ്ടായിരുന്നു. തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹ തര്‍ക്കം കോടതിയിലെത്തിയതോടെ ഇരുകുടുംബങ്ങളും തമ്മിലുള്ള ബന്ധം വഷളായി. തേജ് പ്രതാപ് കുടുംബത്തിൽ നിന്ന് അകന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന തീർഥാടനത്തിന് പോയതോടെ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് വൃത്തങ്ങൾ പറഞ്ഞു.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർജെഡി സരൺ മണ്ഡലത്തിൽ നിന്ന് ചന്ദ്രികയെ മത്സരിപ്പിച്ചതോടെ വഴക്ക് രൂക്ഷമായി. തേജ് പ്രതാപ് ഭാര്യാപിതാവിനെതിരെ പ്രചരണം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിന് വിപരീതമായി സഹോദരൻ തേജസ്വി യാദവ് ചന്ദ്രികക്ക് വേണ്ടി പ്രചരണം നടത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ ആര്‍ജെഡിക്ക് സീറ്റ് നഷ്ടമായി.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ആർജെഡിയുടെ ഛോട്ടേ ലാൽ റായിക്കെതിരെ ജെഡി (യു) ടിക്കറ്റിൽ ചന്ദ്രിക പാർസയിൽ മത്സരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം ആർജെഡിക്കെതിരെ സജീവമായി പ്രചാരണം നടത്തി, ലാലു തന്റെ മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു. എന്നിരുന്നാലും, ആർജെഡി സ്ഥാനാർഥിയോട് 17,000 വോട്ടുകൾക്ക് ചന്ദ്രിക പരാജയപ്പെട്ടു.ഇപ്പോൾ അഞ്ച് വര്‍ഷങ്ങൾക്ക് ശേഷം ചന്ദ്രികയുടെ കുടുംബത്തിൽ കരിഷ്മ റായിയെ പാര്‍സയിൽ നാമനിര്‍ദേശം ചെയ്തുകൊണ്ട് ലാലു നാടകീയമായി ട്വിസ്റ്റ് ഉണ്ടാക്കിയിരിക്കുകയാണ്.
Adjust Story Font
16

