ലാലുവിന് അനാരോഗ്യം; തേജസ്വി യാദവ് ആർജെഡി വർക്കിംഗ് പ്രസിഡന്റ് ആയേക്കും
'പൂർണ്ണ വിശ്രമം ആവശ്യമാണെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് ലാലു പൊതുവേദികളിൽ സജീവമല്ല'

- Updated:
2026-01-18 08:20:17.0

പട്‌ന: ബിഹാർ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെ ആർജെഡി വർക്കിംഗ് പ്രസിഡന്റാക്കിയേക്കും. ലാലു പ്രസാദ് യാദവിന്റെ അനാരോഗ്യം പരിഗണിച്ചാണ് പാർട്ടിക്ക് വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നത്. ജനുവരി 25 ന് നടക്കുന്ന ദേശിയ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമുണ്ടായേക്കും. തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെയുള്ള അച്ചടക്ക നടപടിയും യോഗത്തിൽ ഉണ്ടാവും.
പാർട്ടിയുടെ നിർണായക തീരുമാനങ്ങളിൽ തേജസ്വിക്ക് ഇപ്പോഴും പങ്കുണ്ടെങ്കിലും വർക്കിംഗ് പ്രസിഡന്റ് പദവിയിലെത്തുന്നതോടെ സംഘടനാപരമായ കൂടുതൽ അധികാരങ്ങൾ ലഭിക്കും. ഭൂരിഭാഗം നേതാക്കളും തേജസ്വി യാദവിന് പുതിയ പദവി നൽകുന്നതിനെ അനുകൂലിക്കുന്നവരാണ്. ദേശിയ, സംസ്ഥാന നേതാക്കളിൽ പലർക്കും പുതിയ ഉത്തരവാദിത്തവും ഈ നാഷ്ണൽ എക്‌സിക്യൂട്ടീവോടെ ഉണ്ടാവും എന്നാണ് വിവരം.
കഴിഞ്ഞ 28 വർഷമായി ലാലു പ്രസാദ് യാദവാണ് ആർജെഡി ദേശീയ അധ്യക്ഷൻ. 1997 ലാണ് ലാലു പ്രസാദ് ആദ്യമായി ആർജെഡി ദേശിയ പ്രസിഡന്റായത്. 2025 ജൂണിൽ പതിമൂന്നാം തവണയും ദേശിയ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, പൂർണ്ണ വിശ്രമം ആവശ്യമാണെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് പൊതുവേദികളിൽ സജീവമല്ല. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തിനായി ഒരു വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കാൻ തീരുമാനിച്ചത്.
Adjust Story Font
16
