Quantcast

ജനങ്ങളെ ഭിന്നിപ്പിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാർഥ ദേശവിരുദ്ധര്‍: സോണിയ ഗാന്ധി

'ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ അടിസ്ഥാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു'

MediaOne Logo

Web Desk

  • Published:

    14 April 2023 5:16 AM GMT

Learning from Babasaheb article by sonia gandhi
X

ഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാൻ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് യഥാർഥ ദേശവിരുദ്ധരെന്ന് സോണിയ ഗാന്ധി. മതം, ഭാഷ, ജാതി, ലിംഗഭേദം എന്നിവയുടെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ഇത്തരം ശ്രമങ്ങൾക്കിടയിലും ജനങ്ങളിൽ സാഹോദര്യബോധം ശക്തമാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ദ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അംബേദ്കറെ കുറിച്ച് പറഞ്ഞാണ് സോണിയ ഗാന്ധി ലേഖനം ആരംഭിച്ചത്. ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളായ ബി.ആർ അംബേദ്കർ ജനിച്ചിട്ട് ഇന്നേക്ക് 132 വർഷമായി. അദ്ദേഹത്തിന്റെ ജീവിതം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ, ദലിതർക്കും മറ്റെല്ലാ പിന്നാക്ക സമുദായങ്ങൾക്കും വേണ്ടി ജീവിതത്തിലുടനീളം അദ്ദേഹം പോരാടി. അദ്ദേഹം ജാതി വ്യവസ്ഥയെ നിരാകരിച്ചു. ഇന്ന് അധികാരത്തിലുള്ള ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും അട്ടിമറിക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയുടെ അടിസ്ഥാനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം ഉപദ്രവിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നു. ബോധപൂർവം വെറുപ്പിന്‍റെ അന്തരീക്ഷം സൃഷ്ടിച്ച് ഇന്ത്യക്കാരെ പരസ്പരം ധ്രുവീകരിക്കുന്നതിലൂടെ സാഹോദര്യം ഹനിക്കപ്പെടുന്നു. ഭരണഘടനയെ സംരക്ഷിക്കാൻ നമ്മള്‍ പ്രവർത്തിക്കണം. എല്ലാ ഇന്ത്യക്കാരും ഈ നിർണായക സമയത്ത് അവരുടെ പങ്ക് വഹിക്കണം. ഡോ അംബേദ്കറുടെ ജീവിതവും സമരവും നമ്മളെ നിർണായക പാഠങ്ങൾ പഠിപ്പിക്കുന്നു. ആ പാഠങ്ങള്‍ വഴികാട്ടിയാവുമെന്നും സോണിയ ഗാന്ധി എഴുതി.

വിയോജിപ്പുകള്‍ക്കിടയിലും ആത്യന്തികമായി രാജ്യത്തിന്റെ താൽപ്പര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ആദ്യ പാഠം. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഡോ. അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങി നിരവധി പേർക്കിടയിലുള്ള കടുത്ത വിയോജിപ്പുകൾ നിറഞ്ഞതാണ്. എന്നാൽ ആത്യന്തികമായി എല്ലാവരും നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിച്ചുവെന്നത് നാം മറക്കരുതെന്ന് സോണിയ വ്യക്തമാക്കി.

രണ്ടാമത്തെ പാഠം, രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഒരു ജനതയെന്ന നിലയിൽ സാഹോദര്യം പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന് അംബേദ്കര്‍ വിശ്വസിച്ചു. ജാതി വ്യവസ്ഥ ദേശവിരുദ്ധമാണെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മതം, ഭാഷ, ജാതി, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നവരാണ് ഇന്ന് യഥാർത്ഥ 'ദേശവിരുദ്ധർ'. നമ്മള്‍ എപ്പോഴും സാഹോദര്യബോധം വളർത്തിയെടുക്കുകയും ആക്രമണങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുകയും വേണമെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

അംബേദ്കറിൽ നിന്ന് പഠിക്കേണ്ട മൂന്നാമത്തെ പാഠം സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടി എപ്പോഴും പോരാടുക എന്നതാണ്. അംബേദ്കർ ദലിതരുടെയും പാർശ്വവത്കരിക്കപ്പെട്ട എല്ലാവരുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടി. അംബേദ്കർ തന്റെ സ്വകാര്യ ജീവിതത്തിലും സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ പ്രചാരകനായിരുന്നു. കോണ്‍സ്റ്റിറ്റുവന്‍റ് അസംബ്ലിയില്‍ അംബദ്കര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് സോണിയ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്- "ഭരണഘടനയെ സംരക്ഷിക്കാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിൽ നമ്മുടെ പാതയ്ക്ക് കുറുകെ കിടക്കുന്ന തിന്മകളെ തിരിച്ചറിയുന്നതിൽ കാലതാമസം വരരുത്. ആ തിന്മകളെ നീക്കണം. അതുമാത്രമാണ് രാജ്യത്തെ സേവിക്കാനുള്ള വഴി".

TAGS :

Next Story