Quantcast

ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബൈചുങ് ഭൂട്ടിയ; പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധം

ബി.ജെ.പിയാണ് യഥാർത്ഥ പ്രതിയെന്നും സംസ്ഥാന സർക്കാർ വെറും കളിപ്പാവയാണെന്നും ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോൾ താരം ഭൂട്ടിയ

MediaOne Logo

Web Desk

  • Published:

    9 April 2023 5:10 AM GMT

BhaichungBhutiastagedsitinatpolicestation, BhaichungBhutiaprotestatSikkimpolicestation, BhaichungBhutiaagainstBJP
X

ഗാങ്‌ടോക്ക്: സാമൂഹിക പ്രവർത്തകർക്കെതിരായ ഗുണ്ടാ ആക്രമണത്തിൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോൾ താരം ബൈചുങ് ഭൂട്ടിയ. സിങ്ടാമിൽ പൗരസാമൂഹിക സംഘമായ ജോയിന്റ് ആക്ഷൻ കമ്മിറ്റി(ജാക്ക്) നേതാക്കൾക്കെതിരെ നടന്ന ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ആറു മണിക്കൂറോളം അദ്ദേഹം സ്‌റ്റേഷനിൽ കുത്തിയിരുന്നത്. ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായായിരുന്നു പ്രതിഷേധം.

ഭൂട്ടിയ അധ്യക്ഷനായ ഹംറോ സിക്കിം പാർട്ടി(എച്ച്.എസ്.പി) ഭാഗമായ ജാക്ക് ഇന്നലെ സിങ്ടാമിൽ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. സിക്കിം എന്ന വാക്കിന്റെ നിർവചനം മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. കത്തി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു റാലിക്കുനേരെ ആക്രമണം നടന്നത്. സംഭവത്തിൽ ജാക്ക് ജനറൽ സെക്രട്ടറി കേശവ് സാപ്‌കോട്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും മുഖത്തും പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്(എസ്.ഡി.എഫ്) നേതാവ് മെചുങ് ഭൂട്ടിയ അടക്കം വേറെയും നിരവധി പേർ മർദനത്തിനിരയായിട്ടുണ്ട്. കേശവിന്റെയും മെചുങ്ങിന്റെയും വാഹനങ്ങൾ അക്രമികൾ തകർത്തു. സംഭവത്തെ തുടർന്ന് സിങ്ടാമിലും തൊട്ടടുത്തുള്ള ഗോസ്ഖാൻ ദാരായിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ നിരവധി പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഇതിൽ പ്രതിഷേധിച്ചായിരുന്നു ബൈചുങ് ഭൂട്ടിയയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് പ്രതിഷേധം നടന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച(എസ്.കെ.എം)യുടെ സജീവപ്രവർത്തകരാണ് അക്രമികളെന്ന് പുറത്തുവന്ന വിഡിയോകളിൽനിന്നു വ്യക്തമാണെന്ന് ഭൂട്ടിയ പറഞ്ഞു. പ്രതികളെ വ്യക്തമായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയാണ് യഥാർത്ഥ പ്രതിയെന്ന് ഭൂട്ടിയ ആരോപിച്ചു. എസ്.കെ.എം സർക്കാർ വെറും കളിപ്പാവയാണ്. അവർ എല്ലാം അടച്ചുപൂട്ടുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ പ്രകടനം നടത്തുന്നത്. കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടവർ മുഴുവൻ അറസ്റ്റിലാകുംവരെ ധർണ നടത്തുമെന്നും ഭൂട്ടിയ വ്യക്തമാക്കി.

Summary: Legendary Indian footballer Bhaichung Bhutia sat in protest for over six hours demanding the arrest of goons who allegedly attacked civil society activists in Sikkim. Bhutia alleged that the BJP is the main culprit in the incident

TAGS :

Next Story