ഹൈദരാബാദും ഡൽഹിയുമല്ല; ലോകത്തിലെ രുചിയൂറും നഗരങ്ങളിൽ ഇടംപിടിച്ച ഇന്ത്യൻ നഗരത്തെ അറിയാം
ആറ് ലക്ഷത്തോളം ഭക്ഷണ പ്രേമികൾ നൽകിയ റേറ്റിങുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ അഞ്ചാം സ്ഥാനത്താണ് ഈ നഗരം

ന്യൂഡൽഹി: ഇന്ത്യൻ മസാലകളുടെ മണവും രുചിയും ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ എക്കാലത്തും കൊതിപ്പിച്ചിട്ടുള്ളതാണ്. തലമുറകളായി കൈമാറി വന്ന പാചകക്കൂട്ടുകളും തെരുവോരങ്ങളിലെ തനത് വിഭവങ്ങളും ഇന്ന് ആഗോളതലത്തിൽ ചർച്ചയാവുകയാണ്. സാധാരണയായി ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ഡൽഹിയിലെ ചാട്ടുകളും ലക്‌നൗവിലെ അവാധി വിഭവങ്ങളും ഹൈദരാബാദി ബിരിയാണിയുമാണ് ആദ്യം ഓർമ്മ വരിക. എന്നാൽ ഇത്തവണ ഈ നഗരങ്ങളെയെല്ലാം പിന്നിലാക്കി ലോകത്തെ മികച്ച അഞ്ചാമത്തെ ഭക്ഷണ നഗരമായി മുംബൈ തിരഞ്ഞെടുക്കപ്പെട്ടു.
ലോകമൊട്ടാകെയുള്ള ഭക്ഷണപ്രേമികളുടെയും പാചക വിദഗ്ധരുടെയും ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' പുറത്തുവിട്ട 2026ലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലോകത്തെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാമതായാണ് മുംബൈ ഇടംപിടിച്ചിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തോളം ഭക്ഷണപ്രേമികൾ നൽകിയ റേറ്റിങുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ പട്ടികയിൽ ഇറ്റലിയിലെ നഗരങ്ങളായ നേപ്പിൾസ്, മിലാൻ എന്നിവയോടൊപ്പമാണ് മുംബൈയും ഇടംപിടിച്ചിരിക്കുന്നത്.
മുംബൈയുടെ തെരുവോരങ്ങളിൽ ലഭിക്കുന്ന ലളിതവും എന്നാൽ രുചികരവുമായ വിഭവങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. നഗരത്തിന്റെ മുഖമുദ്രയായ വടാപാവ്, പാവ് ഭാജി, ഭേൽപുരി, രഗ്ഡ പാറ്റീസ്, മോദകം എന്നിവയാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയെടുത്തത്. പട്ടികയിൽ ഇറ്റലിയിലെ നേപ്പിൾസ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ആദ്യ അഞ്ചിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ നഗരമായി മുംബൈ മാറി. ലോകത്തിലെ ഏറ്റവും മികച്ച രുചിക്കൂട്ടുകൾ തേടിയെത്തുന്നവർക്ക് മുംബൈ ഒരു വിശ്വസ്തമായ ഇടമാണെന്ന് ടേസ്റ്റ് അറ്റ്ലസ് സാക്ഷ്യപ്പെടുത്തുന്നു. മുംബൈയ്ക്ക് പുറമെ മറ്റ് അഞ്ച് ഇന്ത്യൻ നഗരങ്ങൾ കൂടി ലോകത്തിലെ മികച്ച നൂറ് ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സുവർണ്ണ ക്ഷേത്രത്തിന്റെ നഗരമായ അമൃത്സർ 48ാം സ്ഥാനത്തും, തലസ്ഥാന നഗരിയായ ഡൽഹി 53ാം സ്ഥാനത്തും, ബിരിയാണികളുടെ നാടായ ഹൈദരാബാദ് 54ാം സ്ഥാനത്തുമാണ് എത്തിയത്. കൊൽക്കത്ത (73), ചെന്നൈ (93) എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.
വിഭവങ്ങളുടെ കാര്യമെടുത്താൽ, ലോകത്തെ ഏറ്റവും മികച്ച 100 വിഭവങ്ങളിൽ ഇന്ത്യയുടെ നാല് വിഭവങ്ങളാണ് ഇത്തവണ തിളങ്ങിനിൽക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം 17ാം സ്ഥാനം കരസ്ഥമാക്കിയ അമൃത്സരി കുൽച്ചയാണ്. വലിയ തന്തൂരുകളിൽ ചുട്ടെടുക്കുന്ന മൊരിഞ്ഞ കുൽച്ചകൾക്ക് മുകളിൽ വെണ്ണ തേച്ച് മല്ലിയിലയും ഇത്തിരി മുളകും വിതറി വിളമ്പും. അമൃത്സറിലെ തെരുവോര കടകളിലെല്ലാം തന്തൂരുവിൽ മൊരിയുന്ന കുൽച്ചകളുടെ ശബ്ദം തെളിഞ്ഞ് കേൾക്കാം. ഇത് അമൃത്സറിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ച് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഹൃദയം കവർന്ന വിഭവമാണെന്ന് ഈ റാങ്കിംഗ് തെളിയിക്കുന്നു.
ഇതിന് പിന്നാലെ വിദേശികൾക്കിടയിൽ എന്നും പ്രിയങ്കരമായ ബട്ടർ ചിക്കൻ (66-ാം സ്ഥാനം), ഹൈദരാബാദി ബിരിയാണി (72-ാം സ്ഥാനം), ഷാഹി പനീർ (85-ാം സ്ഥാനം) എന്നിവയും പട്ടികയിൽ അന്തസ്സോടെ ഇടംപിടിച്ചു. വെറും കറികൾക്കും മസാലകൾക്കും അപ്പുറം ഇന്ത്യൻ പാചകകല എത്രത്തോളം വൈവിധ്യപൂർണമാണെന്ന് ലോകത്തിന് മുന്നിൽ ഈ പട്ടിക തുറന്നുകാട്ടുന്നു.
കേരളത്തിനും ഈ റിപ്പോർട്ടിൽ സന്തോഷിക്കാൻ വകയുണ്ട്. ലോകത്തിലെ മികച്ച ഫുഡ് റീജിയണുകളുടെ പട്ടികയിൽ ദക്ഷിണേന്ത്യ 40ാം സ്ഥാനത്താണ് എത്തിയത്. ദക്ഷിണേന്ത്യൻ വിഭാഗത്തിൽ ഹൈദരാബാദി ബിരിയാണിക്ക് പുറമെ മസാല ദോശയും മീൻ വിഭവങ്ങളും പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇതിനൊക്കെ പുറമെ, ദക്ഷിണേന്ത്യയുടെ ഭാഗമാണെങ്കിൽ പോലും കേരളത്തെ ഒരു പ്രത്യേക പാചക മേഖലയായി തന്നെ ടേസ്റ്റ് അറ്റ്ലസ് അടയാളപ്പെടുത്തിയിട്ടിണ്ട്. ലോകത്തെ മികച്ച പാചക മേഖലകളിൽ 97ാം സ്ഥാനത്താണ് കേരളം. കരിമീൻ പൊള്ളിച്ചതും വ്യത്യസ്തയിനം ദോശകളും കേരളത്തിന്റെ പ്രത്യേകതയായി റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ആഗോളതലത്തിൽ മികച്ച പാചകരീതികളുടെ പട്ടികയിൽ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം പിന്നോട്ട് പോയെങ്കിലും, ബട്ടർ ഗാർലിക് നാൻ, പൊറോട്ട, തന്തൂരി ചിക്കൻ, കൊർമ തുടങ്ങിയ വിഭവങ്ങൾ ഇന്ത്യയുടെ വിശ്വസ്തമായ രുചിക്കൂട്ടുകളായി ഇന്നും തുടരുന്നു. ഇറ്റലിയും ഗ്രീസും പെറുവുമാണ് പാചകരീതികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിടുന്നത്.
വീടുകളിൽ ഒതുങ്ങിനിന്നിരുന്ന തനത് പാചകവിധികളും പ്രാദേശിക രുചികളും ഇന്ന് ആഗോള ഭൂപടത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. സുഗന്ധ വിളകളുടെ പേരിൽ മാത്രം ഇന്ത്യയെ അറിഞ്ഞിരുന്നവർക്കും എരിവുകൂടിയ കറികളെന്ന് പറഞ്ഞ് ഇന്ത്യൻ പാചകരീതിയെ കളിയാക്കിയിരുന്നവർക്കുമുള്ള മറുപടി കൂടിയാണിത്. പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന ഇന്ത്യൻ രുചികൾ ലോകത്തിന്റെ നെറുകയിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16

