'ധർമ്മസ്ഥല ശവസംസ്കാരയിടങ്ങൾ കാണിക്കാൻ സജ്ജരാണ്'; എസ്ഐടിക്ക് കത്തയച്ച് നാട്ടുകാർ
സാക്ഷി ചിന്നയ്യയുടെ പിൻമാറ്റം സംശയങ്ങൾ ഉയർത്തുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു

മംഗളൂരു: ധർമ്മസ്ഥല കൂട്ട ശവസംസ്കാരം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരൻ കർണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യ പിന്മാറി പ്രതിയായതോടെ അന്വേഷണ ദിശമാറ്റിയ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ നിർണായക വെളിപ്പെടുത്തലുമായി ഗ്രാമവാസികൾ.
കൊല്ലപ്പെട്ടവരുടെ ജഡങ്ങൾ ആൾ സഞ്ചാരമില്ലാത്ത വനത്തിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി രഹസ്യമായി കുഴിച്ചുമൂടിയത് കണ്ടുവെന്നും ആ ഇടങ്ങൾ ചൂണ്ടിക്കാണിക്കാൻ സന്നദ്ധമാണെന്നും ഗ്രാമീണർ എസ്ഐടിയെ അറിയിച്ചു. ധർമ്മസ്ഥല ഗ്രാമത്തിലെ പങ്കല കുളങ്കാജെ നിവാസിയായ തുക്കാറാം ഗൗഡ ബുധനാഴ്ച എസ്ഐടി തലവൻ ഡോ. പ്രണബ് കുമാർ മൊഹന്തിയെ കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചിന്നയ്യ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ എസ്ഐടി മൃതദേഹ അവശിഷ്ടങ്ങൾക്കായി ഖനനം തുടരുന്ന വേളയിൽ തുക്കാറാം ഗ്രാമീണരുടെ സഹായം വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരൻ പിന്മാറുകയും എസ്ഐടി അന്വേഷണം ധർമ്മസ്ഥക്ക് വേണ്ടി എന്ന രീതിയിലാവുകയും ചെയ്ത അവസ്ഥയിലാണ് രേഖാമൂലം അപേക്ഷ നൽകിയത്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തലോടെ യായിരുന്നു ചിന്നയ്യ മുഖംമൂടി മറയത്ത് അവകാശപ്പെട്ടത്.അദ്ദേഹത്തിന്റെ പിന്മാറ്റം സംശയങ്ങൾ ഉണർത്തുന്നതായി തുക്കാറാം പറഞ്ഞു.
Adjust Story Font
16

