Quantcast

പോസ്റ്റ്മോർട്ടം മുറിയിൽ മദ്യസൽക്കാരം; വിഡിയോ വൈറൽ, ഡോക്ടർക്ക് സസ്പെൻഷൻ

മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി ഒരാൾ രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ പോസ്റ്റ്മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

MediaOne Logo

Web Desk

  • Updated:

    2026-10-18 04:46:55

Published:

18 Oct 2026 10:13 AM IST

പോസ്റ്റ്മോർട്ടം മുറിയിൽ മദ്യസൽക്കാരം; വിഡിയോ വൈറൽ, ഡോക്ടർക്ക് സസ്പെൻഷൻ
X

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം നടത്തിയെന്നാരോപണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടറെ സസ്പെൻഡ് ചെയ്തു.

പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷന്റെ യശ്വന്ത്‌റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ. വൈഭവ് അവിനാഷ് മസ്‌കെയെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മരണ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ഒരാൾ രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ പോസ്റ്റ്മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഭക്ഷണസാധനങ്ങൾ ചിതറിക്കിടക്കുന്ന മേശയും ഒരു കുപ്പിയും വിഡിയോയിൽ കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു. തുടർന്ന് മുനിസിപ്പൽ ഭരണകൂടം നടപടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ അഡീഷണൽ കമ്മീഷണർ കുൽദീപ് ജംഗം ഇടപെട്ട് ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും നോട്ടീസ് നൽകി. വൈകുന്നേരത്തിനകം രേഖാമൂലം വിശദീകരണം നൽകാനായിരുന്നു നിർദേശം. എന്നാൽ, രോഗികളുടെ സുരക്ഷയും മെഡിക്കൽ എത്തിക്‌സും സംബന്ധിച്ച ഗുരുതരമായ വിഷയമായതിനാൽ മുനിസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശി അടുത്ത ദിവസം ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു.

മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് ഡോക്ടറുടെ നടപടിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തുടർന്ന് വകുപ്പുതല അന്വേഷണം പൂർത്തിയാക്കുമെന്നും ഭരണകൂടം അറിയിച്ചു.

സംഭവം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ മേൽനോട്ടത്തെയും അച്ചടക്കത്തെയും കുറിച്ച് ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കും രേഖകൾക്കുമായി ദുഃഖകരമായ സാഹചര്യങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന കുടുംബങ്ങൾക്ക് ആശുപത്രിയിലെ ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതാണ്.

TAGS :

Next Story