Quantcast

സസ്‌പെൻസ് അവസാനിപ്പിച്ച് ചിരാഗ് പാസ്വാൻ: ബിഹാറിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ജെപി മത്സരിക്കുമെന്ന് പ്രഖ്യാപനം

കേന്ദ്രത്തിൽ ബിജെപിയോടൊപ്പം നിൽക്കുന്ന എൽജിപി സംസ്ഥാനത്ത് പക്ഷേ എൻഡിഎ സഖ്യത്തിനൊപ്പമില്ല

MediaOne Logo

Web Desk

  • Published:

    7 July 2025 12:17 PM IST

സസ്‌പെൻസ് അവസാനിപ്പിച്ച് ചിരാഗ് പാസ്വാൻ: ബിഹാറിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ജെപി മത്സരിക്കുമെന്ന് പ്രഖ്യാപനം
X

പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി( എൽജെപി- റാംവിലാസ്). സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുമെന്നും താനും മത്സരിക്കുമെന്നും കേന്ദ്രമന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ പറഞ്ഞു.

ബിഹാറിലെ 243 അംഗ നിയമസഭ സീറ്റിലും ഇത്തവണ സ്ഥാനാർഥിയെ നിർത്തും എന്നാണ് എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താൻ വരുന്നത് തടയാൻ ആരെങ്കിലും ആലോചിക്കുന്നുണ്ടെങ്കിൽ അത് നടപ്പാക്കില്ല എന്നും ഛപ്രയിൽ സംഘടിപ്പിച്ച നവ സങ്കൽപ് മഹാസഭയുടെ വേദിയിൽ ചിരാഗ് പസ്വാൻ പറഞ്ഞു. ഏറെ കാലത്തെ സസ്പെന്‍സ് അവസാനിപ്പിച്ചാണ് ചിരാഗും മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

"ചിരാഗ് പാസ്വാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. അവരോടൊക്കെ ഞാന്‍ വ്യക്തമാക്കുകയാണ്, ബിഹാറിന്റെ മികച്ച ഭാവിക്കായി ഞാന്‍ മത്സരിക്കും'- കയ്യടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.

"ബിഹാറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ തേടി പുറത്തേക്ക് പോകേണ്ടതില്ലാത്ത ഒരു ഭാവിയാണ് എന്റെ സ്വപ്നം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തേടി ഇവിടേക്ക് എത്തുകയും ചെയ്യും"- അദ്ദേഹം വ്യക്തമാക്കി.

പ്രത്യക്ഷത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉന്നം വെച്ചുള്ള പ്രസ്താവന ആണെങ്കിലും കേന്ദ്രമന്ത്രി കൂടിയായ പാസ്വാന്റെ വാക്കുകൾ ബിഹാർ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തിൽ ബിജെപിയോടൊപ്പം നിൽക്കുന്ന എൽജിപി സംസ്ഥാനത്ത് പക്ഷേ എൻഡിഎ സഖ്യത്തിനൊപ്പമില്ല. അതുകൊണ്ടുതന്നെ ബിഹാറിൽ പാർട്ടിയുടെ വേരുറപ്പ് വിപുലപ്പെടുത്തുകയാണ് ചിരാഗ് പസ്വാന്റെ ലക്ഷ്യം. അതേസമയം അദ്ദേഹം സഖ്യത്തോടൊപ്പം ചേരുമോ എന്നും വ്യക്തമല്ല.

നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും കാരുണ്യത്തിൽ കേന്ദ്രത്തിൽ അധികാരം പിടിച്ചുനിർത്തുന്ന ബിജെപിക്ക് പസ്വാന്റെ പ്രസ്താവന വെല്ലുവിളി ഉയർത്തുന്നുണ്ട്.

TAGS :

Next Story