വസതിയിൽ പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതി
ജസ്റ്റിസ് വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നേരത്തെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകിയിരുന്നു

ഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെൻ്റ് നടപടി ലോക്സഭയിൽ ആരംഭിച്ചു. യശ്വന്ത് വർമക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കർ ഓം ബിർല മൂന്നംഗ സമിതിയെ പ്രഖ്യാപിച്ചു. സുപ്രിം കോടതി ജഡ്ജി അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, നിയമജ്ഞൻ ബി.വി ആചാര്യ എന്നിവരായിരിക്കും സമിതിയിലുണ്ടാവുക.
ജസ്റ്റിസ് വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നേരത്തെ ഇംപീച്ച്മെന്‍റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് അംഗീകരിച്ചാണ് സ്പീക്കര്‍ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടികൾ. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സമ്മേളനത്തിൽ റിപ്പോര്‍ട്ട് പരിഗണിക്കും.
ഡൽഹിയിലെ 30 തുഗ്ലക്ക് ക്രസന്‍റ് വസതിയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത തുക കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹം വിവാദത്തിന്‍റെ നിഴലിലാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് ഉടൻ സ്ഥലം മാറ്റാൻ ഉത്തരവിട്ടിരുന്നു.
Adjust Story Font
16

