'മുസ്‍ലിംകൾക്കെതിരായ അതിക്രമത്തിന്‍റെ ഇര';അസ്സമിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം
സകോവറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് ഗോൾപാറ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അമ്മാവൻ റഫീഖുൽ ഇസ്‍ലാം പറഞ്ഞു

ദിസ്പൂര്‍: ലോവർ അസമിലെ ഗോൾപാറയിലെ പൈകാൻ റിസർവ് ഫോറസ്റ്റ് ഏരിയയിലെ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ ശനിയാഴ്ചയാണ് സകോവർ അലിയുടെ വീട് പൊളിച്ചുമാറ്റിയത്. അഞ്ച് ദിവസത്തിന് ശേഷം അലി ഇവിടേക്ക് തിരിച്ചെത്തുകയും കുടുംബത്തിന് ഉപയോഗപ്രദമാകുന്ന എന്തെങ്കിലും ഉണ്ടോ അവശിഷ്ടങ്ങൾക്കിടയിൽ തിരയുകയും ചെയ്തു. സകോവറിന്‍റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് എത്തിയപ്പോൾ, താമസസ്ഥലത്തേക്കുള്ള റോഡ് പൊലീസ് ഉദ്യോഗസ്ഥർ കുഴിക്കുന്നത് കണ്ടതായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.
കുടിയൊഴിപ്പിക്കൽ സ്ഥലത്ത് താൽക്കാലിക ടെന്‍റുകളിൽ താമസിച്ചിരുന്ന നൂറോളം ആളുകൾക്കൊപ്പം അലിയും അധികാരികൾക്കെതിരെ തിരിയുകയും സ്ഥലത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പിൽ അലിക്ക് വെടിയേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. "ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടയുടൻ പൊലീസ് വെടിയുതിർക്കാൻ തുടങ്ങി, അലിയുടെ ചെവിക്ക് സമീപമാണ് വെടിയേറ്റത്'' അദ്ദേഹത്തിന്‍റെ മാതൃസഹോദരൻ റഫീഖുൽ ഇസ്‍ലാം ദി പ്രിന്‍റിനോട് പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പൊലീസ് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോൾ അദ്ദേഹം "വനഭൂമി കൈവശപ്പെടുത്താൻ കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിച്ചു" എന്ന് ആരോപിച്ചു. '' പൈക്കൻ റിസർവ് വനത്തിൽ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമാസക്തരായ ഒരു ജനക്കൂട്ടം ഞങ്ങളുടെ പൊലീസിനെയും വനം ജീവനക്കാരെയും ആക്രമിച്ചു" എന്നാണ് ശര്‍മ എക്സിൽ കുറിച്ചത്. "ഡ്യൂട്ടിക്കിടെ, 21 പൊലീസ് ഉദ്യോഗസ്ഥർക്കും ഫോറസ്റ്റ് ഗാർഡുകൾക്കും ഗുരുതരമായി പരിക്കേറ്റു. മറ്റ് മാർഗമില്ലാതെ, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പൊലീസിന് വെടിവയ്ക്കേണ്ടിവന്നു - ഇത് ഒരു കയ്യേറ്റക്കാരന്‍റെ ദൗർഭാഗ്യകരമായ മരണത്തിലേക്ക് നയിച്ചു" അദ്ദേഹം എഴുതി.
സകോവറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് ഗോൾപാറ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അമ്മാവൻ റഫീഖുൽ ഇസ്‍ലാം പറഞ്ഞു. "അലി കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു. വീട് പൊളിച്ചുമാറ്റിയ ദിവസം മുതൽ ബന്ധുക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ മൂന്ന് പേർക്ക് കൂടി ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇവരിൽ 21 വയസ്സുള്ള ഒരാളെ ഗുരുതരമായി പരിക്കേറ്റ് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായി റഫീഖുൽ പറഞ്ഞു. അസ്സമിൽ മുസ്‍ലിംകൾക്കെതിരായ വലിയ അക്രമത്തിന് സകോവർ ഇരയായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. . "നിങ്ങൾ ഇപ്പോൾ അസ്സമിൽ എവിടെയെങ്കിലും പോയാൽ, മുസ്‍ലിംകളോട് മോശമായി പെരുമാറുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. സകോവർ തന്‍റെ പിതാവിന്റെ ചെറിയ പലചരക്ക് കടയിൽ ജോലി ചെയ്താണ് കുടുംബം പോറ്റിയതെന്ന് റഫീഖുൽ കൂട്ടിച്ചേർത്തു.
കൃഷ്ണായ് പരിധിയിൽ വരുന്ന പൈക്കൻ റിസർവ് വനത്തിനുള്ളിലെ 140 ഹെക്ടറിലധികം ഭൂമി കയ്യേറ്റം ചെയ്തുവെന്നാണാരോപണം. ഒഴിപ്പിക്കാനെത്തിയവരെ ജനക്കൂട്ടം തടഞ്ഞതാണ് വെടിവെപ്പിൽ കലാശിച്ചത്. ഒരു വിഭാഗം അസ്സമിൽ ലാൻഡ് ജിഹാദ് നടക്കുന്നുവെന്ന് ഹിമന്ത ശര്‍മ ആരോപിച്ചിരുന്നു.
Adjust Story Font
16

