സിം മാറ്റുന്നത് പോലെ എളുപ്പം; എൽപിജി ഗ്യാസ് കണക്ഷൻ ഇനി ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറ്റാം
ടെലികോം മേഖലയിൽ വിജയിച്ചിട്ടുണ്ടെങ്കിലും എൽപിജി മേഖലയിൽ ഇതൊരു പുതിയ പരീക്ഷണമാണ്

Representational Image
ഡൽഹി: ഗ്യാസ് ബുക്ക് ചെയ്താൽ കൃത്യ സമയത്ത് കിട്ടാറുണ്ടോ? കാലതാമസം വരാറുണ്ടോ? നിലവിലുള്ള കമ്പനിയിൽ തൃപ്തിയില്ലെങ്കിൽ പുതിയ കമ്പനി നിങ്ങൾക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിൽ, ഉപഭോക്താക്കൾക്ക് ഇനി എൽപിജി ഗ്യാസ് കണക്ഷൻ ഇഷ്ടമുള്ള വിതരണ കമ്പനിയിലേക്ക് മാറ്റാൻ സാധിക്കും.
ഇതുമായി ബന്ധപ്പെട്ട ചട്ടക്കൂടിനായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. തുടര്‍ന്ന് പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും.
ടെലികോം മേഖലയിൽ ഇത് വിജയമായിട്ടെങ്കിലും എൽപിജി മേഖലയിൽ ഇതൊരു പുതിയ പരീക്ഷണമാണ്. ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ കാലതാമസം വരുന്ന നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം തടസങ്ങൾ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പിഎൻജിആർബി നോട്ടീസിൽ വ്യക്തമാക്കുന്നു.
2013-ൽ യുപിഎ സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ആരംഭിച്ചിരുന്നു. 2014 മുതൽ തന്നെ എൽപിജി ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനിയെ മാറ്റുന്നതിന് പകരം അവരുടെ ഡീലർമാരെ മാത്രം മാറ്റാനുള്ള പരിമിതമായ ഓപ്ഷനുകൾ അനുവദിച്ചിരുന്നു.ഉദാഹരണത്തിന്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നുള്ള ഇൻഡെയ്ൻ ഗ്യാസ് ഉപഭോക്താവിന് സമീപത്തുള്ള ഇൻഡെയ്ൻ ഗ്യാസ് ഡീലർമാരിൽ നിന്ന് ഗ്യാസ് വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു.എന്നാൽ, ആ സമയത്ത് ഇന്റർകമ്പനി പോർട്ടബിലിറ്റി നിയമപരമായി സാധ്യമല്ലാത്തതിനാൽ, ഉപഭോക്താവിന് ഭാരത് പെട്രോളിയത്തിന്‍റെ ഭാരത് ഗ്യാസിലേക്കോ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ എച്ച്പിഗ്യാസിലേക്കോ മാറാൻ കഴിഞ്ഞില്ല.
2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് 32 കോടിയിലധികം കണക്ഷനുകളുള്ള ഇന്ത്യ ഏതാണ്ട് സാർവത്രിക എൽപിജി ഗാർഹിക കവറേജ് നേടിയിട്ടുണ്ടെന്ന് പിഎൻജിആർബി പ്രസ്താവനയിൽ പറയുന്നു. വർഷം തോറും 17 ലക്ഷത്തിലധികം ഉപഭോക്താക്കൾ വിതരണ കാലതാമസം സംബന്ധിച്ച് പരാതികളുമായി രംഗത്തെത്തുന്നുണ്ട്.
Adjust Story Font
16

