Quantcast

'എമ്പുരാൻ മുൻ നിർമാതാക്കൾക്ക് എൽടിടിഇ, ജിഹാദി ബന്ധം'; ലൈക്കയുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായി ആർഎസ്എസ് വാരിക

ചിറ്റ് ഫണ്ട് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളുമായി ഇഡിയുടെ അന്വേഷണം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നതായും ആർഎസ്എസ് വാരികയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2025-04-04 17:48:35.0

Published:

4 April 2025 10:16 PM IST

Lyca Productions have LTTE Links and ED Investigating Gokulam Gopalans financial links with them Says Rss Weekly
X

ന്യൂഡൽഹി: ​​ഗോകുലം ​ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എമ്പുരാൻ സിനിമയുടെ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കൂടുതൽ ആരോപണവുമായി ആർഎസ്എസ് വാരിക ഓർ​ഗനൈസർ. എമ്പുരാൻ മുൻ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് എൽടിടിഇയുമായി ബന്ധമുണ്ടെന്നും അവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായും ഓർ​ഗനൈസർ പറയുന്നു. ഇ.ഡിയുടെ അന്വേഷണം എംപുരാന്റെ ധനസഹായത്തെക്കുറിച്ച് സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ടെന്നും ആർഎസ്എസ് വാരിക.

'തുടക്കത്തിൽ, ബ്രിട്ടീഷ് പൗരനും ശ്രീലങ്ക വംശജനുമായ ‌സുബാസ്കരൻ അല്ലിരാജ 2014 ൽ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് എമ്പുരാനെ പിന്തുണച്ചത്. നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയായ എൽടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിന് ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. എന്നിരുന്നാലും, ആ കമ്പനി എമ്പുരാനിൽ നിന്ന് പിന്മാറുകയും ഗോകുലം ഗോപാലൻ പിന്നീട് അതിന്റെ നിർമാണം ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ ഫണ്ടിങ്ങിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്'- ഓർ‌‌​ഗനൈസർ പറയുന്നു.

'ലൈക്ക പ്രൊഡക്ഷൻസ്, സുബാസ്കരൻ അല്ലിരാജ എന്നിവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധങ്ങൾ സൂക്ഷ്മപരിശോധനയിലാണ്. ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീർപ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടിൽ നിന്നുള്ള രേഖകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്'- ​ആർഎസ്എസ് വാരികയിൽ വ്യക്തമാക്കുന്നു.

'ഗോകുലം ചിറ്റ് ഫണ്ടിനും ലൈക്ക പ്രൊഡക്ഷൻസിനും യഥാക്രമം 33………………1ഇസഡ്1, 33………….1ഇസഡ് എൻ എന്നീ നമ്പരുകളിൽ തമിഴ്‌നാട്ടിൽ ജിഎസ്ടി രജിസ്ട്രേഷനുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികാരികൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

'അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഒരു ചിറ്റ് ഫണ്ട് സ്ഥാപനത്തിലും റെയ്ഡ് നടത്തി. ഇത് ഗോകുലം ഗോപാലന്റെ സാമ്പത്തിക ശൃംഖലയിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുണ്ട്'. ചിറ്റ് ഫണ്ട് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളുമായി ഇഡിയുടെ അന്വേഷണം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നതായും ആർഎസ്എസ് വാരികയിൽ പറയുന്നു.

ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തിരുന്നു. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലായിരുന്നു പരിശോധന. 'എമ്പുരാൻ' സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്ന ആരോപണം ശക്തമാണ്.

എമ്പുരാൻ സിനിമയിൽ ​ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിക്കുന്ന ഭാ​ഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങൾ രൂക്ഷ സൈബർ ആക്രമണവും പ്രതിഷേധവും ആയി രം​ഗത്തെത്തുകയും പിന്നാലെ മോഹൻലാൽ ഖേദം പ്രകടപ്പിക്കുകയും തുടർന്ന് 24 ഭാ​ഗങ്ങൾ വെട്ടിമാറ്റി പുതിയ പതിപ്പ് ഇറക്കുകയും ചെയ്തിരുന്നു. റെയ്ഡിനെതിരെ കോൺ​ഗ്രസ്, സിപിഎം പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്നും റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതിയെന്നും ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഗോകുലം ഓഫീസുകളിലെ റെയ്‌ഡ്‌ കാരണം എമ്പുരാൻ സിനിമയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഊണ് കഴിക്കുന്ന എല്ലാവർക്കും ഇക്കാര്യം വ്യക്തമാണെന്നും സതീശൻ പറഞ്ഞു.

ഇഡി റെയ്ഡിൽ അത്ഭുതമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. എമ്പുരാൻ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അതേസമയം, ഗോകുലം സ്ഥാപനങ്ങളിലെ റെയ്ഡിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രം​ഗത്തെത്തിയിരുന്നു. ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നുമാണ് ഇഡി വാദം.





TAGS :

Next Story