ഇന്ത്യയുടെ വിശപ്പടക്കാൻ ഫിലിപ്പൈനിൽ നിന്ന് നെല്ല്; പുതിയ ഇനം വികസിപ്പിച്ച് ശാസ്ത്രജ്ഞർ
പരമ്പരാഗത ഇനങ്ങളെ മറികടക്കുന്നതാണ് പുതിയ ഇനത്തിന്റെ ഉത്പാദനക്ഷമതയെന്ന് ഗവേഷകർ പറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ നെല്ലുത്പാദനം വർധിപ്പിക്കാനായി ഫിലിപ്പൈൻസിൽ നിന്നുള്ള പുതിയ ഇനം നെല്ല് വികസിപ്പിച്ച് കേന്ദ്രം. ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് ഫിലിപ്പൈൻസിലെ രണ്ടിനങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത പുതിയ നെല്ലിനങ്ങൾ പുറത്തിറക്കി. ഉൽപ്പാദനക്ഷമത മുരടിച്ച കിഴക്കൻ ഇന്ത്യയിലെ നെൽകൃഷിയെ മാറ്റിമറിക്കാനുള്ള കഴിവ് 'മാലവിയ മനില സിഞ്ചിത് ധാൻ-1' (MMSD) എന്ന ഈ പുതിയ ഇനത്തിനുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഈ പുതിയ ഇനത്തിന്റെ ഉത്പാദനക്ഷമത പരമ്പരാഗത ഇനങ്ങളെ മറികടക്കുന്നതാണ്. കൂടാതെ, ഇത് നേരത്തെ പാകമാകുകയും കാറ്റിനെയും വരൾച്ചയെയും നേരിടാൻ സാധിക്കുന്ന ശക്തമായ തണ്ടുകളുള്ളതുമാണ്. ഉൽപ്പാദനക്ഷമത ഹെക്ടറിന് 55-64 ക്വിന്റലാണ്, ഇത് ഇന്ത്യയിലെ ശരാശരി ഉൽപ്പാദനക്ഷമതയുടെ ഇരട്ടിയായാണ് കണക്കാക്കുന്നത്. സാധാരണ ഇനങ്ങളെ അപേക്ഷിച്ച് 5-10 ശതമാനം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നുവെന്ന് വികസിപ്പിച്ചെടുത്ത ബിഎച്ച്‌യുവിലെ ശാസ്ത്രജ്ഞൻ ഡോ. ശ്രാവൺ കുമാർ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ശരാശരി നെല്ലുൽപ്പാദനം ഏകദേശം 29 ക്വിന്റലാണ്. ‘സാധാരണ നെല്ലിനങ്ങൾ പാകമാകാൻ 135-150 ദിവസം വരെ എടുക്കും. എന്നാൽ ഈ ഇനത്തിന് വെറും 115-120 ദിവസം മാത്രമേ മതിയെന്നും സിങ് പറഞ്ഞു.
ഏകദേശം 18 വർഷത്തെ ഗവേഷണത്തിനു ശേഷം, ബനാറസ് ഹിന്ദു സർവകലാശാലയും മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് സർവകലാശാലയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് വരൾച്ചയെ പ്രതിരോധിക്കുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ എംഎംഎസ്ഡി ഇനം വികസിപ്പിച്ചെടുത്തത്. 1970-കളിൽ അത്ഭുത അരിയായി കണക്കാക്കപ്പെട്ടിരുന്ന ഐആർ ഗണത്തിൽപ്പെട്ട അരിയാണ് എംഎംഎസ്ഡി വികസിപ്പിക്കാനായി ഗവേഷകർ ഉപയോഗിച്ചത്. ഐസിഎആറിന്റെ വിലയിരുത്തൽ പ്രകാരം, ബിഹാർ, യുപി, ഒഡീഷ എന്നിവിടങ്ങളിൽ എംഎംഎസ്ഡിക്ക് പ്രോത്സാഹനജനകമായ പ്രതികരണമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിൽ ധാന്യ ഉൽപാദനം 10 ശതമാനം കൂടുതലാണ്.
Adjust Story Font
16

