Quantcast

മഹാരാഷ്ട്ര കോർപറേഷൻ തെരഞ്ഞെടുപ്പ്: വൻ നേട്ടമുണ്ടാക്കി എഐഎംഐഎം, ശരദ് പവാർ എൻസിപി, എംഎൻഎസ് എന്നിവരെക്കാളും കൂടുതൽ സീറ്റുകൾ

മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷനിൽ എഐഎംഐഎം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 21 സീറ്റുകളാണ് നേടിയത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-17 05:04:33.0

Published:

17 Jan 2026 10:33 AM IST

മഹാരാഷ്ട്ര കോർപറേഷൻ തെരഞ്ഞെടുപ്പ്: വൻ നേട്ടമുണ്ടാക്കി എഐഎംഐഎം, ശരദ് പവാർ എൻസിപി, എംഎൻഎസ് എന്നിവരെക്കാളും കൂടുതൽ സീറ്റുകൾ
X

മുംബൈ: മഹാരാഷ്ട്രയിലുടനീളമുള്ള മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വന്‍ നേട്ടമുണ്ടാക്കി അസദുദ്ദീന്‍‌ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍(എഐഎംഐഎം).

സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോർപ്പറേറ്റർമാരുടെ എണ്ണം ഇരട്ടിയാക്കുകയും പാര്‍ട്ടിയുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 114 സീറ്റുകളാണ് വിവിധ കോര്‍പറേഷനുകളിവായി എഐഎംഐഎം സ്വന്തമാക്കിയത്. 29ല്‍ 12 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലാണ് എഐഎംഐഎം മത്സരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടിയിടിത്ത് നിന്നാണ് എഐഎംഐഎം സീറ്റെണ്ണം കുത്തനെ വര്‍ധിപ്പിച്ചത്.

സീറ്റെണ്ണത്തിൽ ആറാം സ്ഥാനത്ത് എത്താനും ഉവൈസിയുടെ പാർട്ടിക്കായി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രബലരായ എൻസിപി ശരദ് പവാർ വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന(എംഎന്‍എസ്) എന്നിവർക്കും മുന്നിലാണ് എഐഎംഐഎം ഫിനിഷ് ചെയ്തത്. ഖണ്ഡേഷ്, മറാത്ത്‌വാഡ മേഖലകളിലെ നഗരങ്ങളിലാണ് എഐഎംഐഎം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത്.

ഛത്രപതി സംഭാജിനഗര്‍ കോര്‍പറേഷനില്‍ 33 സീറ്റുകളാണ് എഐഎംഐഎം നേടിയത്. മാലേഗാവിൽ 21, അമരാവതിയിൽ 15, നന്ദേഡിൽ 13, ധുലെയിൽ 10, സോളാപൂരിൽ എട്ട്, മുംബൈയിൽ ആറ്, താനെയിൽ അഞ്ച്, ജൽഗാവിൽ രണ്ട്, ചന്ദ്രാപൂരിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റു സീറ്റുകള്‍. ഇതില്‍ ഛത്രപതി സംഭാജിനഗര്‍ കോര്‍പറേഷനിലും മാലേഗാവിലുമാണ് ശ്രദ്ദേയ നേട്ടം കൈവരിച്ചത്. ഛത്രപതി സംഭാജിനഗറില്‍ മത്സരിച്ച 37 സീറ്റുകളില്‍ 33 സീറ്റുകളിലും വിജയിച്ചു.

മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷനിൽ എഐഎംഐഎം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 21 സീറ്റുകളാണ് എഐഎംഐഎം സ്വന്തമാക്കിയത്. മുൻ എൻ‌സി‌പി എം‌എൽ‌എ ആസിഫ് ഷെയ്ഖ് രൂപം കൊടുത്ത ഇസ്ലാം പാര്‍ട്ടിയാണ് ഇവിടെ മുന്നിലെത്തിയത്. 35 സീറ്റുകളാണ് ഇവര്‍ നേടിയത്. എന്നാല്‍ ഭൂരിപക്ഷം നേടാനായില്ല. 84 സീറ്റുകളില്‍ 43 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ബിജെപിക്ക് രണ്ടും കോൺഗ്രസിന് മൂന്നും സീറ്റുകളെ നേടാനായുള്ളൂ.

ഉവൈസിയുടെ ഇടപെടലും മാര്‍ഗനിര്‍ദേശങ്ങളുമാണ് പാര്‍ട്ടിയുടെ കുതിച്ചുചാട്ടത്തിന് പിന്നിലെന്ന് എഐഎംഐഎം നേതാവ് ഷാരീഖ് നഖ്‌ഷ്ബന്ദി പറഞ്ഞു. ''2015നെ അപേക്ഷിച്ച് ഉവൈസി പ്രചാരണത്തില്‍ സജീവമായിരുന്നു, അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ചു, 70 ശതമാനം പേരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുന്നതില്‍ വിജയിച്ചു''- നഖ്‌ഷ്ബന്ദി വ്യക്തമാക്കി. 2025 നവംബറിൽ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് നേടിയ വിജയത്തിന്റെ പിന്നാലെയാണ് മഹാരാഷ്ട്രയിലെ നഗര മേഖലകളിലെ ഉവൈസിയുടെ പാര്‍ട്ടിയുടെ മിന്നും വിജയം.

TAGS :

Next Story