Quantcast

എവിടെ പിഎമാർ? നിയമനത്തിന് അനുമതി കൊടുക്കാതെ മുഖ്യമന്ത്രി; അതൃപ്തിയിൽ ഷിൻഡെ ശിവസേന

മന്ത്രിയായി ചുമതലയേറ്റ് മൂന്നു മാസമായിട്ടും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുത്തിട്ടില്ല.

MediaOne Logo

Web Desk

  • Published:

    12 Feb 2025 11:01 AM IST

എവിടെ പിഎമാർ? നിയമനത്തിന് അനുമതി കൊടുക്കാതെ മുഖ്യമന്ത്രി; അതൃപ്തിയിൽ ഷിൻഡെ ശിവസേന
X

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സർക്കാറിൽ പുതിയ പ്രതിസന്ധി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഷിൻഡെ വിഭാഗം ശിവസേനയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കടുംപിടുത്തത്തിനെതിരെ രംഗത്തുള്ളത്.

മന്ത്രിയായി ചുമതലയേറ്റ് മൂന്നു മാസമായിട്ടും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുത്തിട്ടില്ല. പേഴ്‌സണൽ അസിസ്റ്റൻസ്(പിഎ), ഓഫീസേഴ്‌സ് ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി(ഒഎസ്ഡി) എന്നിവരുടെ നിയമനം നടക്കാത്തതിൽ വകുപ്പിലെ കാര്യങ്ങൾ കാര്യമായി നടക്കുന്നില്ലെന്നാണ് ഷിൻഡെ വിഭാഗം മന്ത്രിമാരുടെ പരാതി.

ഉദയ് സാമന്ത്, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രറാവു പാട്ടീൽ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന മന്ത്രിമാർ പേഴ്സണല്‍ സ്റ്റാഫുകളെ കിട്ടാതെ അലയുകയാണ്. അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തിൽ ജീവനക്കാരുടെ നിയമനം വൈകുന്നതില്‍ ശിവസേന മന്ത്രിമാർ ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലീന്‍ ഇമേജ് ഉള്ളവരെ മാത്രമെ അനുവദിക്കൂവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സ്റ്റാഫുകളുമായി ബന്ധപ്പെട്ട് സ്ക്രീനിങ് നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ ചർച്ച നടക്കുന്നതിനിടെ, മന്ത്രിസഭാ യോഗത്തിനെത്തിയ ഉദ്യോഗസ്ഥരോട് ഹാളിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഴിമതി ആരോപണങ്ങളോ വകുപ്പുതല അന്വേഷണങ്ങളോ ഇല്ലാത്ത നിയമനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അതേസമയം സ്‌ക്രീനിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ഫഡ്‌നാവിസ് മന്ത്രിമാർക്ക് ഉറപ്പ് നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, ചില സ്റ്റാഫ് അംഗങ്ങൾ 2014 മുതൽ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവരാണെന്നും എന്നിട്ടും അവരുടെ നിയമനം മുടങ്ങിക്കിടക്കുന്നതും സേന വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് അദ്ദേഹത്തിന്റെ ഓഫീസിനും ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുടെ ഓഫീസുകൾക്കും 'ജംബോ സെക്രട്ടേറിയറ്റിന്' അംഗീകാരം നൽകിയിട്ടുണ്ട്. ഷിൻഡെ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടേറിയറ്റിൻ്റെ ആകെ അംഗബലം 148 ആയിരുന്നു. ഇപ്പോഴത് 164 ആയി ഉയര്‍ത്തിയിട്ടുണ്ട്.

TAGS :

Next Story