മഹാരാഷ്ട്രയില്‍ വീണ്ടും പേരുമാറ്റം; ഇസ്‍ലാംപുർ ഇനി ഈശ്വര്‍പുർ
ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാന്‍ പേര് മാറ്റം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ 'ഇസ്‍ലാംപുരിന്റെ' പേര് 'ഈശ്വര്‍പുർ' എന്നാക്കി പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ.മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് സർക്കാർ ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. സംസ്ഥാന സർക്കാർ മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാൻ, 'ഇസ്‍ലാംപുരിന്റെ' പേര് 'ഈശ്വര്‍പുർ' എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാംഗ്ലി കലക്ടറേറ്റിലേക്ക് നിവേദനം അയച്ചിരുന്നു. തുടർന്നാണ് പേര് മാറ്റാനുള്ള നീക്കം തുടങ്ങിയത്. പേര് മാറ്റണമെന്ന ആവശ്യം 1986 മുതൽ നിലനിൽക്കുന്നുണ്ടെന്ന് ഇസ്‍ലാംപുരിരിലെ ശിവസേന നേതാവ് പറഞ്ഞു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് വ്യാപകമായി പേര് മാറ്റം നടന്നിരുന്നു. അഹ്‌മദ് നഗറിന്റെ പേര് അഹല്യ നഗറാക്കുന്നതായി അന്നത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്ത എട്ട് റെയിൽവെ സ്റ്റേഷനുകളുടെ പേരും അന്നത്തെ മന്ത്രി സഭ മാറ്റിയിരുന്നു. കറി റോഡ് റെയിൻവെ സ്‌റ്റേഷൻ ലാൽബാഗെന്നും സന്ദേർസ്റ്റ് റോഡ് സ്‌റ്റേഷൻ ഡോഗ്രീ എന്നും മറൈൻ ലൈൻസ് മുംബാദേവിയെന്നും ഛാർനി റോഡ് ഗിർഗാവോൺ എന്നും കോട്ടൺ ഗ്രീൻ കാലാചൗകിയെന്നും ഡോക്ക് യാർഡ് സ്‌റ്റേഷൻ മാസ്ഗാവോൺ എന്നും കിങ്‌സ് സർക്കിൾ തിർത്തങ്കർ പർസ്വാനത് എന്നും പുനർനാമകരണം ചെയ്തിരുന്നു. 2022 ൽ ഔറംഗബാദ് ജില്ലയെ ഛത്രപദി സംബാജിനഗറെന്നും ഒസ്മാനാബാദിനെ ധാരശിവ് എന്നും മഹാരാഷ്ട്ര സർക്കാർ പേര് മാറ്റിയിരുന്നു.
Adjust Story Font
16

