മഹാരാഷ്ട്രയില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ എഐ ടൂള്‍; ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
സംഭാഷണ രീതികൾ, ശബ്ദത്തിന്റെ ടോൺ, ഭാഷാപരമായ പ്രയോഗങ്ങൾ എന്നിവ വിശകലനം ചെയ്തുകൊണ്ടാവും അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുക

- Published:
26 Jan 2026 5:05 PM IST

മുംബൈ: നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും തിരിച്ചറിയുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)ടൂള്‍ ഉപയോഗിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബെ ഐഐടിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിക്കൊരുങ്ങുന്നത്.
സംഭാഷണ രീതികൾ, ശബ്ദത്തിന്റെ ടോൺ, ഭാഷാപരമായ പ്രയോഗങ്ങൾ എന്നിവ വിശകലനം ചെയ്തുകൊണ്ടാവും സംസ്ഥാനത്തെ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുക. മൂന്ന് കോടി രൂപയുടെ പദ്ധതിയാണിത്. പ്രാഥമിക തിരിച്ചറിയൽ ഘട്ടങ്ങളിൽ കുറ്റാന്വേഷണ ഏജൻസികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എഐ ടൂള്‍.
നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ എഐ ടൂള്‍ ഉപയോഗിക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന മഹാരാഷ്ട്ര കോർപറേഷൻ തെരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കിക്കൊണ്ടാണ് ഫഡ്‌നാവിസ് ഈ പ്രഖ്യാപനം നടത്തിയിരുന്നത്. നിലവില്‍ എഐ ഉപയോഗിച്ചുള്ള സംവിധാനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഏകദേശം 60 ശതമാനത്തോളം വിജയസാധ്യതയുണ്ടെന്നും ഫഡ്‌നവിസ് പറഞ്ഞിരുന്നു.
"കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ ഇതിന്റെ പണിപ്പുരയിലാണ്, നിലവിൽ ടൂളിന് 60% വിശ്വാസ്യതയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ പിഴവുകളില്ലാത്ത രീതിയിൽ സജ്ജമാവുകയും ഉപയോഗിക്കാൻ പാകത്തിലാവുകയും ചെയ്യും''- ഇങ്ങനെയായിരുന്നു ഫഡ്നാവിസിന്റെ വാക്കുകള്‍.
അതേസമയം അനധികൃതമായി കുടിയേറിയവരെ നാടു കടത്തുന്നതിന് മുമ്പ്, അവരെ താമസിപ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള പരാമര്‍ശവും ഫഡ്‌നവിസ് നടത്തിയിരുന്നു. അനധികൃതമായി കടന്നുകയറുന്നവർ ആദ്യം പശ്ചിമ ബംഗാളിലാണ് എത്തുന്നതെന്നും വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നുവെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിക്കുന്നത്. നിലവില്‍ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം പരീക്ഷണ ഘട്ടത്തിലാണെന്നും ഔദ്യോഗികമായി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഫഡ്‌നവിസ് പറഞ്ഞിരുന്നു.
Adjust Story Font
16
