നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികനും സംഘത്തിനും ജാമ്യം
കൂടെ അറസ്റ്റിലായ 11 പേർക്കും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

മുംബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം. വറുട് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂടെ അറസ്റ്റിലായ 11 പേര്‍ക്കും ജാമ്യം ലഭിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂര്‍ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീറിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്. നേരത്തെ മറ്റ് സംസ്ഥാനങ്ങളിലും മലയാളി വൈദികരെയും കന്യാസ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രം?ഗത്തെത്തിയിരുന്നു. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാര്‍ വിമര്‍ശനവുമായി രഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.
വൈദികന്റെ അറസ്റ്റ് മതസ്വാതന്ത്ര്യത്തെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടി നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി കത്തയച്ചിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ് എംപിയുടെ കത്ത്.
Adjust Story Font
16

