മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലിരുന്ന് പുകവലിച്ചോ? യാഥാര്‍ഥ്യമെന്ത്!
രാജ്യത്ത് നിരോധിച്ച ഇ-സിഗററ്റ് സഭയിൽ അനുവദിച്ചിട്ടുണ്ടോ എന്നായിരുന്നു സ്പീക്കറോട് അനുരാഗ് താക്കൂറിന്റെ ചോദ്യം

ഡൽഹി: തൃണമൂൽ കോൺഗ്രസ് അംഗം ഇ-സിഗററ്റ് ഉപയോഗിച്ചെന്ന് ബിജെപി അംഗം അനുരാഗ് സിങ് താക്കൂര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയോട് പരാതിപ്പെട്ടതിന് പിന്നാലെ പ്രസ്തുത എംപി മഹുവ മൊയ്ത്രയാണെന്ന തരത്തിലുള്ള രീതിയിൽ വാര്‍ത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മഹുവ പാര്‍ലമെന്‍റിനുള്ളിൽ ഇ-സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് ബിജെപി അനുകൂലിയായ ശശാങ്ക് സിങ് ഫാക്ട്സ് ( @BefittingFacts ) എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
ടിഎംസി എംപി മഹുവ മൊയ്ത്ര 'ഇ-സിഗരറ്റ് വലിക്കുമ്പോൾ കയ്യോടെ പിടിക്കപ്പെട്ടു' എന്ന അടിക്കുറിപ്പോടെ മറ്റൊരു അക്കൗണ്ടായ @su bhsays ഉം വീഡിയോ പങ്കിട്ടിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും ഒരു ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിരുന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഡിസംബര്‍ 11ന് മഹുവെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പം 'പഠശ്രീ-രസ്തശ്രീ 4' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നുവെന്നും ആൾട്ട് ന്യൂസ് കണ്ടെത്തിയിരിക്കുകയാണ്.
'ഇ-സിഗരറ്റ് വലിക്കുമ്പോൾ മഹുവ കൈയോടെ പിടിക്കപ്പെട്ടു'
രാജ്യത്ത് നിരോധിച്ച ഇ-സിഗററ്റ് സഭയിൽ അനുവദിച്ചിട്ടുണ്ടോ എന്നായിരുന്നു സ്പീക്കറോട് അനുരാഗ് താക്കൂറിന്റെ ചോദ്യം. ടിഎംസിയിലെ ഒരു എംപി ഇ-സിഗററ്റ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചോദ്യോത്തരവേള അവസാനിച്ച ശേഷം അനുരാഗ് താക്കൂർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വീഡിയോകൾ പ്രചരിച്ചത്.
തീവ്ര വലതുപക്ഷ അക്കൗണ്ടായ വോയ്‌സ് ഓഫ് ഹിന്ദുസും ( @Warlock_Shubh ) മഹുവ മൊയ്ത്ര ഇ-സിഗരറ്റ് വലിക്കുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ പോസ്റ്റ് അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ടിരുന്നു. ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റായ ദി തത്വയും (@thetatvaindia) ഇതേ അവകാശവാദം ഉന്നയിച്ചു. ദി ജയ്പൂർ ഡയലോഗ്സ് എന്ന വെബ്സൈറ്റ് ഈ എക്സ് പോസ്റ്റുകൾ അടങ്ങിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 'മഹുവ മൊയ്ത്ര പാർലമെന്റിൽ ഇ-സിഗരറ്റ് വലിക്കുകയായിരുന്നോ? എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം. മഹുവെയ റോളക്സ് കുമാരി എന്നാണ് വിശേഷിപ്പിച്ചത്.
ഡിസംബര്‍ 11ന് മഹുവ പാര്‍ലമെന്‍റിലുണ്ടായിരുന്നില്ല
ഡിസംബർ 11 ന് കൃഷ്ണനഗറിൽ നിന്ന് ഒരു പ്രാദേശിക വാർത്താ പോർട്ടലായ ബംഗ്ലാ ഹണ്ട് പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പം മഹുവ മൊയ്ത്രയെയും വീഡിയോയിൽ വ്യക്തമായി കാണാം. പ്രാദേശിക മാധ്യമങ്ങളും പരിപാടി റിപ്പോർട്ട് ചെയ്തിരുന്നു. മമതക്കും മറ്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള മൊയ്ത്രയുടെ ഫോട്ടോ സഹിതം ഡിസംബർ 11-ന് ദി വാൾ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേ ദിവസം തന്നെ ബംഗാളിൽ എസ്‌ഐആറിനെതിരെ മമതയോടൊപ്പം ഒരു പൊതുയോഗത്തിലും മൊയ്ത്ര പങ്കെടുത്തു. പരിപാടിയുടെ ഫോട്ടോകൾ അവർ സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഡിസംബർ 10 മുതൽ 12 വരെ മൊയ്ത്ര സ്വന്തം നാട്ടിലായിരുന്നുവെന്ന് തൃണമൂൽ വൃത്തങ്ങൾ ആൾട്ട് ന്യൂസിനോട് വ്യക്തമാക്കി. ഡിസംബർ 10 ന് വൈകുന്നേരത്തെ വിമാനത്തിൽ അവർ ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പറന്നു. ഡിസംബർ 12 ന് ഉച്ചകഴിഞ്ഞുള്ള വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു.
ചുരുക്കത്തിൽ, ഡിസംബർ 11 ന് മൊയ്ത്ര പാർലമെന്‍റിൽ ഉണ്ടായിരുന്നില്ല. ഡിസംബർ 11 ന് മൊയ്ത്ര സഭയിൽ ഇ-സിഗരറ്റ് വലിക്കുകയായിരുന്നു എന്ന അവകാശവാദം തെറ്റും അടിസ്ഥാനരഹിതവുമാണ്. കൂടാതെ, ബിജെപി എംപി അനുരാഗ് താക്കൂർ തന്‍റെ വാക്കാലുള്ള ആരോപണത്തിലോ രേഖാമൂലമുള്ള പരാതിയിലോ മഹുവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
അതിനിടെ മറ്റൊരു ടിഎംസി എംപിയായ കീര്‍ത്തി ആസാദ് സഭയിൽ വാപ്പിംഗ് നടത്തുന്നതായി കാണിക്കുന്ന വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ പങ്കിട്ടു. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ ആസാദ് ലോക്സഭയ്ക്കുള്ളില്‍ ഇരുന്ന് പുകവലിക്കുന്നതിന് സമാനമായ ഒരു ആംഗ്യം കാണിക്കുന്നതായി കാണിച്ചു. അദ്ദേഹം തന്റെ വലതു കൈ വായിലേക്ക് കൊണ്ടുവന്ന് അഞ്ച് സെക്കന്‍ഡ് നേരം അവിടെ പിടിച്ചു. എന്നാല്‍ പങ്കിട്ട ക്ലിപ്പില്‍ സിഗരറ്റോ ഇ-സിഗരറ്റോ ദൃശ്യമായ ഏതെങ്കിലും പുകയോ കാണുന്നില്ല.
Adjust Story Font
16

