'വിഡ്ഢികള്‍ക്ക് ഭാഷാശൈലി മനസിലാവില്ല'; തലവെട്ടല്‍ പരാമര്‍ശത്തിൽ ബിജെപിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
റായ്പൂര്‍ സ്വദേശി ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്ത്രയ്ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിരിക്കുന്നത്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുത്തതില്‍ ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പരാമര്‍ശം ഭാഷാശൈലിയാണെന്നും വിഡ്ഢികള്‍ക്ക് ശൈലികള്‍ മനസ്സിലാകില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നുമായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം. എന്നാല്‍ അതൊരു ഭാഷാശൈലി ആണെന്നും ആ സ്ഥാനത്തിരിക്കുന്ന വ്യക്തി അവിടെയിരിക്കാന്‍ യോഗ്യനല്ലെന്നും, അയാളെ ഒഴിവാക്കണം എന്നുമാണ് ഇതിന്റെ അര്‍ത്ഥമെന്നും മൊയ്ത്ര വ്യക്തമാക്കി.
'ഇംഗ്ലീഷ് ഭാഷയില്‍ ഇവയെ ഭാഷാശൈലികള്‍ എന്ന് പറയുന്നു. 'ഹെഡ്‌സ് വില്‍ റോള്‍' എന്നത് ഉത്തരവാദിത്തം എന്നതിന്റെ ഒരു ശൈലിയാണ്. അതുപോലെ ബംഗാളി ഭാഷയില്‍ 'ലൊജ്ജയ് മാതാ കാത ജാവ' എന്നാല്‍ നിങ്ങള്‍ ലജ്ജിച്ച് സ്വന്തം തല വെട്ടാന്‍ തയ്യാറാകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. 'മാതാ കാത ജാവ' എന്ന് പറയുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ് അര്‍ത്ഥം. ഇതൊരു ശൈലിയാണ്'-മഹുവ മൊയ്ത്ര പറഞ്ഞു.
അമിത് ഷായ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ച് റായ്പൂര്‍ സ്വദേശി ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്ത്രയ്ക്കെതിരെ ഛത്തീസ്ഗഡ് കേസെടുത്തിരിക്കുന്നത്.
Adjust Story Font
16

