സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ; ജനുവരി ഒന്നുമുതൽ ബാങ്കിങ് മേഖലയിലെ സുപ്രധാന മാറ്റങ്ങൾ
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, വായ്പകളുടെ വ്യവസ്ഥകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്

ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വിവിധ സുപ്രധാന മാറ്റങ്ങൾ നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, വായ്പകളുടെ വ്യവസ്ഥകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്.
ബാങ്കുകൾ ട്രാൻസാക്ഷണൽ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഇനി മുതൽ ആർബിഐയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടാതെ, ഡിജിറ്റൽ സേവനങ്ങൾക്കായി ഉപഭോക്താക്കളുടെ വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം ബാങ്കുകൾ തേടിയിരിക്കണം. സേവനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും, ചാർജുകൾ, പരാതി പരിഹാര മാർഗങ്ങൾ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ ഉപഭോക്താക്കളെ അറിയിക്കണം.
എല്ലാ അക്കൗണ്ട് ഇടപാടുകൾക്കും എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അലർട്ടുകൾ നിർബന്ധമാക്കിയിട്ടുണ്ട്. വായ്പാ രംഗത്ത്, ഫ്‌ലോട്ടിംഗ് പലിശ നിരക്കുകളുള്ള വ്യക്തിഗത വായ്പകൾക്ക് പ്രീ-പേയ്മെന്റ് ചാർജുകൾ ഈടാക്കുന്നത് ബാങ്കുകൾക്കും എൻബിഎഫ്സികൾക്കും നിരോധിച്ചു. സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നറിയപ്പെടുന്ന അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ ലഭിക്കും. പരിധിയില്ലാത്ത പണ നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിംഗ്, സൗജന്യ പാസ്ബുക്ക്/പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കലുകൾ അനുവദിക്കണം, എന്നാൽ യുപിഐ, നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ്, പിഒഎസ് ഇടപാടുകൾ ഈ പരിധിയിൽ ഉൾപ്പെടില്ല. എടിഎം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ഉപഭോക്താക്കളെ നിർബന്ധിച്ച് എടുപ്പിക്കാൻ പാടില്ല എന്നും പുതിയ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
Adjust Story Font
16

