'ഒന്നും നോക്കണ്ട, നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷയിൽ ശക്തമായി അഭിപ്രായങ്ങൾ പറയുക'; എംപിമാര്‍ക്ക് രാഹുൽ ഗാന്ധിയുടെ ഉപദേശം
ആദ്യ പാദത്തിൽ സംസാരിക്കാത്ത പലർക്കും സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

ഡല്‍ഹി: ''നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഭാഷയിൽ സംസാരിക്കുക, എന്നാൽ നിങ്ങളുടെ അഭിപ്രായങ്ങള്‍ ശക്തമായി പ്രകടിപ്പിക്കുക'' കോൺഗ്രസ് എംപിമാര്‍ക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഉപദേശം. അതോടൊപ്പം മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം പാദത്തിൽ അവരുടെ ഹാജർ കർശനമായി നിരീക്ഷിക്കുമെന്ന് രാഹുൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. സെഷൻ്റെ ആദ്യ പാദം ഹ്രസ്വകാലമായിരുന്നുവെന്നും അതുകൊണ്ട് തന്നെ നേതൃത്വത്തിന്‍റേത് മൃദുസമീപനമായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് എംപിമാരായ കെ.സി വേണുഗോപാൽ, മാണിക്കം ടാഗോർ, ഗൗരവ് ഗൊഗോയ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്ത ലോക്‌സഭയിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോഗത്തിലാണ് പരാമർശം. ആദ്യ പാദത്തിൽ സംസാരിക്കാത്ത പലർക്കും സംസാരിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദിപ്രമേയ ചർച്ചയിലും ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ചയിലും 27 എംപിമാർ പങ്കെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിമൽ അക്കോയിജം, വരുൺ ചൗധരി, ഉജ്ജ്വല് രമൺ സിംഗ്, മനീഷ് തിവാരി എന്നിവർ നടത്തിയ പ്രസംഗങ്ങൾ പ്രത്യേകം പരാമർശിച്ച അദ്ദേഹം സമ്മേളനത്തിൻ്റെ രണ്ടാം പാദത്തിൽ പ്രസംഗിക്കാൻ എംപിമാർ തയ്യാറാകണമെന്നും പറഞ്ഞു.
എംപിമാർ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കേണ്ട ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. എംപിമാർക്ക് അവരുടെ സൗകര്യാർഥം സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശീതകാല സമ്മേളനത്തിൽ, ഭരണഘടനയെക്കുറിച്ചുള്ള രണ്ടാം ദിവസത്തെ ചർച്ചയിൽ നിന്ന് വിട്ടുനിന്ന എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പാർട്ടിയുടെ പാർലമെൻ്ററി മാനേജർമാർക്ക് രാഹുൽ നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

