ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി
ദ്വാരകയിലെ വീട്ടിനടുത്തുള്ള പാർക്കിലെ മരത്തിലാണു മൃതദേഹം കണ്ടെത്തിയത്

പി.പി സുജാതന്‍
ന്യൂഡൽഹി: മലയാളി സാമൂഹിക പ്രവർത്തകനെ ഡൽഹിയിൽ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. വ്യവസായിയും എസ്.എൻ.ഡി.പി ദ്വാരക ശാഖാ സെക്രട്ടറിയുമായ പി.പി സുജാതൻ(60) ആണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയാണ്.
ദക്ഷിണ പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക മോറിലാണു സംഭവം. കക്രോള പാർക്കിലെ ഒരു മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഹരിനഗർ ദീനദയാൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. കവർച്ചയ്ക്കുള്ള ശ്രമത്തിനിടെയാണു കൊലപാതകമെന്നാണു സൂചന. സംഭവത്തിൽ ദ്വാരക പൊലീസ് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി ദ്വാരകയിലാണ് സുജാതൻ താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ഒരു ബിസിനസ് ആവശ്യത്തിനായി ജെയ്പൂരിലേക്കു പോകുന്നെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, ഇന്നലെ രാവിലെ വീടിനു തൊട്ടടുത്തുള്ള പാർക്കിൽ നടക്കാനിറങ്ങിയവരാണു മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. സുജാതന്റെ വാലറ്റും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്നു നടക്കും.
പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, അമൽ മക്കളുമാണ്.
Summary: Malayali businessman murdered, found hanging from tree in Delhi park
Adjust Story Font
16

