Quantcast

'നിങ്ങളുടെ ആളുകൾ മനുഷ്യരെ കൊന്നാൽപോലും ആരും തൊടില്ല'; സുബൈറിന്റെയും ടീസ്റ്റയുടെയും അറസ്റ്റില്‍ കേന്ദ്രത്തിനെതിരെ മമത

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിങ്കളാഴ്ചയാണ് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ സുബൈറിനെ അറസ്റ്റ് ചെയ്തത്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ പരാതിയിലാണ് സുബൈറിനെതിരെ കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2022-06-28 17:16:48.0

Published:

28 Jun 2022 1:34 PM GMT

Mamata Banerjee seriously injured
X

കൊൽക്കത്ത: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെയും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിന്റെയും അറസ്റ്റിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

''വ്യാജ വീഡിയോകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപിയുടെ സോഷ്യൽ മീഡിയ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നേതാക്കൾ വൃത്തികെട്ട കളവുകൾ പ്രചരിപ്പിച്ച് മറ്റുള്ളവരെ അപമാനിക്കുമ്പോൾ അവരെ അറസ്റ്റ് ചെയ്യില്ല. നിങ്ങൾ മൗനം പാലിക്കും. അവർ ആളുകളെ കൊന്നാൽപോലും ആരും തൊടില്ല, എന്നാൽ ഞങ്ങൾ സത്യം പറഞ്ഞാൽ നോട്ടപ്പുള്ളികളാവും. എന്തിനാണ് അവർ സുബൈറിനെ അറസ്റ്റ് ചെയ്തത്? എന്താണ് അദ്ദേഹം ചെയ്തത്? എന്തിനാണ് നിങ്ങൾ ടീസ്റ്റയെ അറസ്റ്റ് ചെയ്തത്? എന്താണ് അവർ ചെയ്തത്? ഇന്ന് ലോകം മുഴുവൻ ഇതിനെ അപലപിക്കുകയാണ്'' - മമത പറഞ്ഞു

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിങ്കളാഴ്ചയാണ് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ സുബൈറിനെ അറസ്റ്റ് ചെയ്തത്. ഒരു ട്വിറ്റർ ഉപയോക്താവിന്റെ പരാതിയിലാണ് സുബൈറിനെതിരെ കേസെടുത്തത്. ഐപിസി 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുക), 295എ (ഏതെങ്കിലും മതത്തേയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് അവരുടെ മതവികാരത്തെ പ്രകോപിപ്പിക്കുന്ന പ്രവർത്തനം) എന്നീ വകുപ്പുകൾ പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2002 ഗുജറാത്ത് കലാപത്തിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖകൾ ചമച്ചെന്ന കേസിലാണ് ടീസ്റ്റ സെത്തൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടുവരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ സുപ്രിംകോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

TAGS :

Next Story