Quantcast

ഗോവയിൽ മമത ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ചു: അധീർ രഞ്ജൻ ചൗധരി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നതായി മമത ആരോപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    12 March 2022 12:22 PM GMT

ഗോവയിൽ മമത ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ചു: അധീർ രഞ്ജൻ ചൗധരി
X

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്ത്. ഗോവയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയെ സഹായിച്ചത് മമതയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മമത ബി.ജെ.പിയുടെ ഏജന്റാണെന്നും അദ്ദേഹം ആരോപിച്ചു.

''ഇന്ന് കോൺഗ്രസിന് രാജ്യത്ത് 700 എം.എൽ.എമാരുണ്ട്. പ്രതിപക്ഷത്തിന്റെ 20 ശതമാനം വോട്ട് ഷെയറും കോൺഗ്രസിനാണ്. ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് മമത ശ്രമിക്കുന്നത്. അവരുടെ ഏജന്റാണ് മമത''-രഞ്ജൻ ചൗധരി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നതായി മമത ആരോപിച്ചിരുന്നു. ''വോട്ടിങ് മെഷീനിൽ കൃത്രിമവും തട്ടിപ്പും നടന്നിട്ടുണ്ട്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നിരാശപ്പെടേണ്ടതില്ല. വോട്ടിങ് മെഷീനുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്''-മമത പറഞ്ഞു.

ഇതിനെതിരെയും അധീർ രഞ്ജൻ ചൗധരി വിമർശനമുന്നയിച്ചു. ''അവർക്ക് ദേശീയ രാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയുമില്ല. ചിലപ്പോൾ അവർ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തും, ചിലപ്പോൾ കോൺഗ്രസിനെയും. നിങ്ങളെന്തിനാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്? നിങ്ങൾ സ്വയം പ്രധാനമന്ത്രിയാവൂ''-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഗോവയിൽ തൃണമൂൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ബി.ജെ.പിയെ സഹായിക്കാനാണ് തൃണമൂൽ ഗോവയിൽ മത്സരിക്കാനിറങ്ങിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

TAGS :

Next Story