Quantcast

ഗോധ്രയിലും ഡൽഹിയിലും നടന്നത് വംശഹത്യ; ബി.ജെ.പിയെ കടന്നാക്രമിച്ച് മമത

ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിരന്തരം പ്രതിസന്ധിയിലാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    30 March 2023 11:32 AM GMT

Trinamool is preparing to intensify its struggle against the Centre
X

കൊൽക്കത്ത: ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച് ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിന് അവകാശപ്പെട്ട ജി.എസ്.ടി വിഹിതം കേന്ദ്രം കവരുകയാണെന്നും അവർ ആരോപിച്ചു. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു മമത.

''അവർ ഫെഡറൽ സംവിധാനത്തെ തകർക്കുന്നു. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നു. നമ്മുടെ ജി.എസ്.ടി വിഹിതം കൊള്ളയടിക്കുന്നു. അവർ നമ്മെ ദേശവിരുദ്ധരെന്ന് വിളിക്കുന്നു. അവർ മാത്രമാണ് രാജ്യസ്‌നേഹികളെന്നും നമ്മൾ ദേശവിരുദ്ധരാണെന്നുമാണ് അവർ കരുതുന്നത്. എന്നാൽ നമ്മൾ അതിനെ ചെറുത്തു തോൽപ്പിക്കും''-മമത പറഞ്ഞു.

ഫ്യൂഡൽ മാടമ്പിമാരെപ്പോലെയാണ് ബി.ജെ.പി പെരുമാറുന്നതെന്ന് മമത കുറ്റപ്പെടുത്തി. ധർണ റിപ്പോർട്ട് ചെയ്യരുതെന്നാണ് ബി.ജെ.പി വാർത്താ ചാനലുകൾക്ക് നൽകിയിട്ടുള്ള നിർദേശം. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ബി.ജെ.പി ജനാധിപത്യ സംവിധാനത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

എൽ.ഐ.സിയെ കേന്ദ്രം അദാനിക്ക് വിറ്റു. അവർക്കെതിരെ സംസാരിച്ചാൽ നിങ്ങൾ വീട്ടിൽനിന്ന് പുറത്താക്കപ്പെടും. ഇ.ഡിയും സി.ബി.ഐയും അന്വേഷിച്ചു വരും. തന്റെ വിദേശപര്യടനത്തിനിടെ ഡോളറുകൾ വാരിവിതറി തനിക്കെതിരെ കരിങ്കൊടി പ്രതിഷേധനത്തിന് ആളെ ഏർപ്പെടുത്തിയെന്നും മമത ആരോപിച്ചു.

ബംഗാളിൽ വംശഹത്യ നടക്കുന്നുവെന്ന് പറഞ്ഞാണ് തനിക്കെതിരെ പ്രതിഷേധിക്കാൻ ആളെ വിട്ടത്. എന്താണ് വംശഹത്യയെന്ന് നിങ്ങൾ മനസിലാക്കണം. അതാണ് ഗോധ്രയിൽ സംഭവിച്ചത്. അതാണ് ബിൽക്കീസ് ബാനുവിനെതിരെ നടന്നത്. എൻ.ആർ.സി-സി.എ.എ വിരുദ്ധ പ്രക്ഷോഭ സമയത്ത് ഡൽഹിയിൽ നടന്നതും വംശഹത്യയാണെന്നും മമത ചൂണ്ടിക്കാട്ടി.

ബംഗാളിനോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് രണ്ട് ദിവസത്തെ ധർണ സംഘടിപ്പിച്ചത്.

TAGS :

Next Story