'35 ലക്ഷം തന്നില്ലെങ്കിൽ എല്ലാവരെയും തട്ടും'; പിതാവിൽ നിന്ന് പണം തട്ടാൻ വ്യാജ മാവോയിസ്റ്റ് ഭീഷണിക്കത്തയച്ച യുവാവ് അറസ്റ്റിൽ
കത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയം തോന്നിയ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Photo| Special Arrangement
ഭുവനേശ്വർ: സമ്പന്ന കുടുംബാംഗം, പക്ഷേ പണത്തോടുള്ള ആർത്തി മൂലം യുവാവ് പറ്റിക്കാൻ നോക്കിയത് സ്വന്തം പിതാവിനെ. അതിന് തെരഞ്ഞെടുത്തതോ 'മാവോയിസ്റ്റ് ഭീഷണി'. പക്ഷേ കിട്ടിയത് പണമല്ല, മുട്ടൻ പണി. ഒഡിഷയിലെ കാലഹണ്ടി ജില്ലയിലെ നർല പൊലീസ് സ്റ്റേഷൻ പരിധിയിലെ രുപ്രയിലാണ് സംഭവം.
പിതാവിൽ നിന്ന് പണം തട്ടാൻ നോക്കിയതിന് 24കാരനായ അങ്കുഷ് അഗർവാളാണ് അറസ്റ്റിലായത്. സ്ഥലത്തെ പേരുകേട്ട കോൺട്രാക്ടറായ പിതാവ് ദിനേഷ് അഗർവാളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാനാണ് മകൻ വ്യാജ മാവോയിസ്റ്റ് ഭീഷണി സന്ദേശം അയച്ചത്. ഈ മാസം ആറിനായിരുന്നു ഇത്.
'35 ലക്ഷം രൂപ തന്നില്ലെങ്കിൽ കുടുംബത്തെയാകെ വകവരുത്തും' എന്നായിരുന്നു മാവോയിസ്റ്റുകളുടെ പേരിലുള്ള കത്തിലെ ഭീഷണി. ഇതിലൂടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു യുവാവിന്റെ ഉദ്ദേശ്യം. എന്നാൽ കത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയം തോന്നിയ പിതാവ് അന്വേഷണം ആവശ്യപ്പെട്ട് നർല പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന്, കുടുംബത്തിൽ നിന്ന് പണം തട്ടാനുള്ള പദ്ധതിയുടെ ഭാഗമായി പരാതിക്കാരന്റെ മകൻ തന്നെയാണ് കത്ത് എഴുതിയതെന്ന് പൊലീസ് കണ്ടെത്തി. പിതാവിൽ നിന്ന് പണം തട്ടാനായി മാവോയിസ്റ്റ് ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിക്കുകയും ചെയ്തു. സമ്മർദം വർധിപ്പിക്കാനും പദ്ധതി വിജയം ഉറപ്പാക്കാനുമായി അങ്കുഷ് തന്റെ പിതാവിന്റെ ബിസിനസ് പങ്കാളിക്കും സമാനമായ ഭീഷണി സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു.
'പണമാവശ്യപ്പെട്ട് കുടുംബത്തിന് ഭീഷണിക്കത്ത് ലഭിച്ചത് സംബന്ധിച്ച് ഈ മാസം ഏഴിനാണ് പൊലീസിന് പരാതി ലഭിച്ചത്. അന്വേഷണത്തിൽ ഞങ്ങൾ പ്രതിയെ പിടികൂടുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നീടാണ്, താൻ പരാതിക്കാരന്റെ മകനാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു'- പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Adjust Story Font
16

