Quantcast

ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മറ്റൊരു യുവാവിനൊപ്പമായിരുന്നു പ്രസാദും പാട്ടിന് ചുവടുവച്ചത്.

MediaOne Logo

Web Desk

  • Published:

    21 Sept 2023 6:19 PM IST

Man Collapses, Dies Due To Heart Attack While Dancing
X

അമരാവതി: ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ധർമവരം നഗരത്തിലാണ് സംഭവം. 26കാരനായ പ്രസാദ് ആണ് മരിച്ചത്.

ഗണേശ മണ്ഡപത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മാരുതി നഗറിലെ വിനായക മണ്ഡപത്തിൽ ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുകയായിരുന്നു പ്രസാദ്.

മറ്റൊരു യുവാവിനൊപ്പമായിരുന്നു പ്രസാദും പാട്ടിന് ചുവടുവച്ചത്. ഇരുവരുടേയും പ്രകടനം കണ്ട് നിരവധി പേർ ചുറ്റും നിൽപ്പുണ്ടായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ചുവടുകൾ നിലയ്ക്കുകയും പുറകിലിരിക്കുന്ന കാണികൾക്ക് മുന്നിലേക്ക് പ്രസാദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. ജൂണിൽ ഉത്തർപ്രദേശിലെ രാംപൂരിൽ വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇറ്റാ ജില്ലയിലെ രാംപൂർ പ്രദേശവാസിയായ സഞ്ജയ് (20) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

മെയ് നാലിന് ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോംഗർഗഡിലും വിവാഹച്ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു ഈ യുവാവിന്റേയും മരണകാരണം. ഭിലായ് സ്റ്റീൽ പ്ലാന്‍റില്‍ എൻജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്‌കറായിരുന്നു മരിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറില്‍ വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതത്തില്‍ അസ്വസ്ഥത തോന്നിയ വരനായ സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വരമാല ചടങ്ങ് കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു സംഭവം.

കഴിഞ്ഞ വര്‍ഷം ഭോപ്പാലിലും സമാനസംഭവം ഉണ്ടായിരുന്നു. വിവാഹ സത്കാരത്തില്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ 18കാരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതമാണ് പ്രശ്നമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാം ചെയ്യുന്നതിനിടെ 21കാരൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ​ഗാസിയാബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലായിരുന്നു സംഭവം. നോയ്ഡയിലെ എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി സി​ദ്ധാർഥ് സിങ് ആണ് മരിച്ചത്. വർക്കൗട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.


TAGS :

Next Story